ആ സമയം എങ്ങനെയാണ് തരണം ചെയ്തതെന്ന് എനിക്ക് ഇപ്പോഴുമറിയില്ല: ഭാവന

ചെറിയ ഒരിടവേളയ്ക്ക് ശേഷം ഭാവന മലയാളത്തിൽ നായികയായി എത്തുന്ന ചിത്രമാണ് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘ഹണ്ട്’. പാരനോർമൽ- ത്രില്ലർ ഴോൺറെയിലാണ് ചിത്രമൊരുങ്ങുന്നത്. ചിന്താമണി കൊലക്കേസ് എന്ന ക്രൈം ത്രില്ലർ ചിത്രത്തിന് ശേഷം ഷാജി കൈലാസ്- ഭാവന ടീം വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ഹണ്ട്. ലാൽ ജൂനിയർ സംവിധാനം ചെയ്ത ടൊവിനോ തോമസ് ചിത്രം ‘നടികർ’ ആയിരുന്നു ഭാവനയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം.

ഇപ്പോഴിതാ ജീവിതത്തിൽ അപ്രതീക്ഷിതമായുണ്ടായ പ്രതിസന്ധികളെ കുറിച്ചും മറ്റും സംസാരിക്കുകയാണ് ഭാവന. തന്റെ ജീവിതത്തിലുണ്ടായ ആ കുറ്റകൃത്യത്തിനെതിരെ പരാതിപ്പെട്ടപ്പോൾ അതിന്റെ പേരിൽ ഒരുപാട് കുറ്റപ്പെടുത്തലുകൾ താൻ കേൾക്കേണ്ടിവന്നുവെന്നാണ് ഭാവന പറയുന്നത്. ആ സമയം എങ്ങനെയാണ് തരണം ചെയ്തതെന്ന് തനിക്ക് ഇപ്പോഴും അറിയില്ലെന്നും താരം കൂട്ടിചേർത്തു.

“എന്റെ ലൈഫ് എന്നെ അങ്ങനെ കൊണ്ടുപോയതാണ്. എനിക്ക് അതില്‍ നിന്ന് ഒളിച്ചോടാന്‍ കഴിയില്ലായിരുന്നു. എന്റെ ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത ഒരു സംഭവം നടന്നു. അതിനെതിരെ ഞാന്‍ അപ്പോള്‍ തന്നെ പരാതിപ്പെട്ടു. അതിന്റെ പേരില്‍ ഒരുപാട് കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കേണ്ടി വന്നു. ഇത് ഞാന്‍ ഉണ്ടാക്കിയ ഒരു കഥയാണെന്ന് വരെ പലരും പറഞ്ഞു. ഒരാള്‍ക്കും ഇതൊന്നും ഉണ്ടാകാന്‍ പാടില്ല.

നമ്മുടെ ജീവിതത്തില്‍ ഒരു പ്രശ്‌നം ഉണ്ടായി എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ പിന്നെയും അടിച്ച് താഴെയിടാന്‍ നോക്കുകയാണ്. ആ ഒരു സമയമെന്ന് പറയുന്നത് ഇപ്പോള്‍ ആലോചിച്ച് നോക്കിയാല്‍ എങ്ങനെയാണ് തരണം ചെയ്തതെന്ന് എനിക്കറിയില്ല. ഓരോരുത്തരുടെ ലൈഫിലും അങ്ങനെ ഓരോ അനുഭവങ്ങള്‍ വരുമ്പോള്‍ തനിയെ പഠിക്കുന്നതാണ്. എനിക്ക് വേറെ ഓപ്ഷന്‍ ഇല്ലായിരുന്നു. എനിക്ക് വേണ്ടി ഞാന്‍ തന്നെ പോരാടിയേ പറ്റു. അല്ലാതെ എനിക്ക് പകരം നിങ്ങള്‍ കോടതിയില്‍ പൊയ്‌ക്കോളൂ എന്ന് പറയാന്‍ പറ്റില്ല.

അപ്പോഴും ഞാന്‍ വിചാരിക്കുന്നത് ലോകത്ത് എന്റെ കാര്യത്തില്‍ മാത്രമല്ല അനീതി നടക്കുന്നത്, എനിക്കെതിരെ മാത്രമല്ല ആക്രമണവും നടക്കുന്നത്. ഇതിനു പറ്റാത്ത എത്രയോ ആളുകള്‍ ഉണ്ട്. എന്റെ കാര്യം പുറത്തു വന്നതുകൊണ്ട് മാത്രമാണല്ലോ ആളുകള്‍ക്ക് ഞാന്‍ ബോള്‍ഡും ധീരയുമെല്ലാം ആകുന്നത്. ഇതിന് പറ്റാത്ത എത്രയോ ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്.

എന്റെ ഫാമിലിയും ഫ്രണ്ട്‌സും അടങ്ങുന്നൊരു സപ്പോര്‍ട്ട് സിസ്റ്റം എനിക്കുണ്ട്. അതുകൂടികൊണ്ടാണ് എനിക്കിതിനുള്ള ധൈര്യം കിട്ടിയത്. അല്ലാതെ പെട്ടന്നൊരു ദിവസം ബോള്‍ഡ് ആയതല്ല ഞാന്‍. ഒരുപാട് ബ്രേക്ഡൗണ്‍സും ഒക്കെ ഉണ്ടാകുന്ന സാധാരണ മനുഷ്യനാണ് ഞാനും.” എന്നാണ് ട്രൂ കോപ്പി തിങ്കിന് നൽകിയ അഭിമുഖത്തിൽ ഭാവന പറഞ്ഞത്.

2017ല്‍ എത്തിയ ‘ആദം ജോണ്‍’ എന്ന ചിത്രത്തിന് ശേഷം 2023ല്‍ പുറത്തിറങ്ങിയ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തിയത്. ഈ ചിത്രവും തുടര്‍ന്ന് അഭിനയിച്ച ‘നടികര്‍’ എന്ന ചിത്രവും തിയേറ്ററില്‍ ഫ്‌ളോപ്പ് ആയിരുന്നു. എന്നാല്‍ ഹൊറര്‍ ഴോണറില്‍ ഒരുങ്ങുന്ന ‘ഹണ്ട്’ ഹിറ്റ് ആകുമെന്ന് തന്നെയാണ് വിലയിരുത്തല്‍.

അതേസമയം ഓഗസ്റ്റ് 23 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. അതിഥി രവി, രാഹുല്‍ മാധവ്, അജ്മല്‍ അമീര്‍, അനു മോഹന്‍, ചന്തു നാഥ്, രഞ്ജി പണിക്കര്‍, ഡെയ്ന്‍ ഡേവിഡ്, നന്ദു, വിജയകുമാര്‍, ജി. സുരേഷ് കുമാര്‍, ബിജു പപ്പന്‍, കോട്ടയം നസീര്‍, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യാ നായര്‍, സോനു എന്നീ വമ്പൻ താരനിരയാണ് ഹണ്ടിൽ അണിനിരക്കുന്നത്. നിഖില്‍ ആന്റണിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഗാനങ്ങള്‍ – സന്തോഷ് വര്‍മ്മ, ഹരി നാരായണന്‍ – സംഗീതം – കൈലാസ് മേനോന്‍, ഛായാഗ്രഹണം – ജാക്‌സണ്‍ ജോണ്‍സണ്‍.

Read more

എഡിറ്റിംഗ് – അജാസ് മുഹമ്മദ്. കലാസംവിധാനം – ബോബന്‍. ജയലഷ്മി ഫിലിംസിന്റെ ബാനറില്‍ കെ. രാധാകൃഷ്ണന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇ ഫോര്‍ എന്റര്‍ടൈയ്ന്‍മെന്റ്‌സ് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. അതേസമയം, തിരിച്ചുവരവില്‍ ഭാവനയുടെ സിനിമകളും മിക്കതും ഫ്‌ളോപ്പ് ആയിരുന്നു.