'സംഘപരിവാറുകാര്‍ കാലുവാരിയതിനാല്‍ പത്തനാപുരത്ത് തോറ്റു,10 തവണ വിളിച്ചിട്ടും സുരേഷ് ഗോപി പ്രചരണത്തിനു വന്നില്ല'; ബി.ജെ.പി സ്ഥാനാര്‍ഥിയായതില്‍ കുറ്റബോധമെന്നും ഭീമന്‍ രഘു

ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിവരാത്ത പാര്‍ട്ടിയാണ് ബിജെപിയെന്ന് നടനും ബിജെപി അനുഭാവിയുമായ ഭീമന്‍ രഘു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്താനാപുരം മണ്ഡലത്തില്‍നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് പാനലില്‍നിന്ന കെ.ബി. ഗണേഷ് കുമാറായിരുന്നു അന്ന് അവിടെ വിജയിച്ചത്. മൂന്നാം സ്ഥാനമായിരുന്നു ഭീമന്‍രഘുവിന് ലഭിച്ചത്.

വിജയിക്കുമെന്ന കടുത്ത ആത്മവിശ്വാസമായിരുന്നു തെരഞ്ഞെടുപ്പ് സമയത്ത് ഭീമന്‍രഘു പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് ഇപ്പോള്‍ പറയുന്നത് സംഘപരിവാരങ്ങള്‍ തന്നെ കാലുവാരി തോല്‍പ്പിച്ചു എന്നാണ്. ചെറുപ്പം മുതലെ ആര്‍എസ്എസ് ആശയങ്ങളോട് യോജിപ്പുണ്ടായിരുന്നുവെങ്കിലും നരേന്ദ്ര മോഡിയുടെ വ്യക്തിപ്രഭാവം കൊണ്ടാണ് സ്ഥാനാര്‍ത്ഥിയായതെന്നുമാണ് അദ്ദേഹം പറയുന്നത്.

സ്ഥാനാര്‍ത്ഥിയായതില്‍ അന്ന് സന്തോഷിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ താന്‍ അതേക്കുറിച്ച് ഓര്‍ത്ത് ദുഖിക്കുന്നു. ബഹ്‌റൈനില്‍ ബന്ധുവിന്റെ കട ഉദ്ഘാടന ചടങ്ങിലാണ് സ്ഥാനാര്‍ഥിയായ ശേഷമുള്ള ദുരനുഭവങ്ങള്‍ ഭീമന്‍ രഘു തുറന്നുപറഞ്ഞത്.

സുരേഷ് ഗോപി പത്തനാപുരത്തെ പ്രചരണത്തിന് വരാത്തത്തിനെക്കുറിച്ചും അദ്ദേഹം പരിഭവം പറഞ്ഞു. പത്തിലധികം തവണ ഫോണില്‍ വിളിച്ചിട്ടും വരാത്തത് വിഷമം ഉണ്ടാക്കി. തനിക്ക് കിട്ടിയ വോട്ട് കൂടുതലും മുസ്ലീം സുഹൃത്തുക്കളുടെതായിരുന്നു. അത് തന്റെ സൗഹൃദ വോട്ടുകള്‍ മാത്രം ആയിരുന്നു. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങാന്‍ ബിജെപി നേതാക്കള്‍ മെനക്കെടുന്നില്ല” – രഘു പറഞ്ഞു. പത്തനാപുരത്ത് എല്‍ഡി.എഫിനു വേണ്ടി ഗണേഷ് കുമാറും യു.ഡി.എഫിനു വേണ്ടി നടന്‍ ജഗദീഷുമാണ് മത്സരിച്ചിരുന്നത്.