ഞാന്‍ നടക്കുമോ എന്നായിരുന്നു എന്റെ വീട്ടുകാരുടെ ഭയം, നടന്നു നടന്ന് റാംപിലും എത്തി: ബിബിന്‍ ജോര്‍ജ്

ശാരീരിക പരിമിതികള്‍ സ്വപ്നങ്ങള്‍ക്ക് ഒരു തടസമല്ല എന്നു ജീവിതം കൊണ്ട് തെളിയിച്ച കലാകാരന്മാരില്‍ ഒരാളാണ് നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജ്. ഫാഷന്‍ റാംപില്‍ നടന്ന സന്തോഷമാണ് ബിബിന്‍ ജോര്‍ജ് ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

”കുഞ്ഞിലേ ഞാന്‍ നടക്കുമോ എന്നായിരുന്നു എന്റെ വീട്ടുകാരുടെ ഭയം. പക്ഷേ ദൈവാനുഗ്രഹത്താല്‍ ഞാന്‍ നടന്നു. നടന്നു നടന്ന് റാംപിലും നടന്നു. ഇനിയും ഒരുപാട് ദൂരം നടക്കാനുണ്ട്. ഇതൊരു തുടക്കം മാത്രം” എന്നാണ് റാംപ് വോക്ക് ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവച്ച് ബിബിന്‍ കുറിച്ചിരിക്കുന്നത്.

റാംപ് വോക്ക് കഴിഞ്ഞ് സംസാരിക്കുന്ന വീഡിയോയും ബിബിന്‍ പങ്കുവച്ചിട്ടുണ്ട്. ”പണ്ട് ഞാന്‍ നടക്കുമ്പോള്‍ എന്റെ പുറകില്‍ എന്നെ കളിയാക്കി ചിരിക്കുന്നുണ്ടോ അല്ലെങ്കില്‍ എന്റെ പുറകില്‍ ആരെങ്കിലും നടക്കുന്നുണ്ടോ എന്ന് പേടിച്ച് നടന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു.”

”ഇന്ന് ആ നടത്തം ഒരു ഫാഷന്‍ ആയി മാറുന്നുണ്ടെങ്കില്‍ ലോകത്തുള്ള എല്ലാ ഡിസേബിള്‍ ആയിട്ടുള്ള ആളുകള്‍ക്കും അതൊരു ഫാഷന്‍ ആയി മാറട്ടെയെന്ന് ആഗ്രഹമുണ്ട്” എന്നാണ് ബിബിന്‍ പറയുന്നത്. മിമിക്രി ആര്‍ട്ടിസ്റ്റ്, ടെലിവിഷന്‍ കോമഡി പരിപാടികളുടെ തിരക്കഥാകൃത്ത് ആയാണ് ബിബിന്‍ കരിയര്‍ ആരംഭിച്ചത്.

വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം ‘അമര്‍ അക്ബര്‍ ആന്റണി’ എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കി സിനിമാ രംഗത്ത് ശ്രദ്ധ നേടി. പിന്നീട് ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’, ‘ഒരു യമണ്ടന്‍ പ്രേമകഥ’ തുടങ്ങിയ ചിത്രങ്ങള്‍ക്കും വിഷ്ണുവും ബിബിനും ചേര്‍ന്ന് തിരക്കഥയൊരുക്കി.

‘ഒരു പഴയ ബോംബ് കഥ’, ‘മാര്‍ഗം കളി’, ‘ഷൈലോക്ക്’, ‘ഒരു യമണ്ടന്‍ പ്രേമകഥ’, ‘തിരിമാലി’ എന്നീ സിനിമകളിലൂടെ നടനായും ബിബിന്‍ ശ്രദ്ധ നേടി. ‘വെടിക്കെട്ട്’ എന്ന ചിത്രത്തിലൂടെ വിഷ്ണുവും ബിബിനും ഇപ്പോള്‍ സംവിധായകരും ആയിരിക്കുകയാണ്. ഈ ചിത്രം അടുത്ത മാസം തിയേറ്ററുകളിലെത്തും.