മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ് സച്ചിയുടെ വിയോഗം. സച്ചി- സെതു കൂട്ടുകെട്ടിൽ നിരവധി സിനിമകളാണ് മലയാളത്തിൽ പുറത്തിറങ്ങിയത്. പിന്നീട് 2012-ൽ ജോഷി- മോഹൻലാൽ ചിത്രം ‘റൺ ബേബി റൺ’ എന്ന ചിത്രത്തിന് തിരക്കഥയെഴുതികൊണ്ടാണ് സച്ചി സ്വതന്ത്ര തിരക്കഥാകൃത്താവുന്നത്. പിന്നീട് അനാർക്കലി എന്ന ചിത്രത്തിലൂടെ സംവിധായകനായും അരങ്ങേറ്റം കുറിച്ചു.
ഇപ്പോഴിതാ സച്ചിയെ കുറിച്ച് സംസാരിക്കുകയാണ് ബിജു മേനോൻ. സച്ചിയായിരുന്നു യഥാർത്ഥ മനുഷ്യനെന്നാണ് ബിജു മേനോൻ പറയുന്നത്. കൂടാതെ സച്ചി പറയുന്ന കഥകൾ വേറെ ഒരാൾക്ക് എഴുതാൻ പറ്റില്ലെന്നും ബിജു മേനോൻ പറയുന്നു.
“അവനായിരുന്നു മനുഷ്യൻ. ട്രൂ മാൻ എല്ലാം തുറന്നു പറയും. ചിലപ്പോ ദേഷ്യം തോന്നും. ചൂടാകും. പക്ഷേ, മനസിലൊന്നും വയ്ക്കാതെ സംസാരിക്കുന്ന വ്യക്തിയായിരുന്നു. സച്ചി പറയുന്ന കഥകൾ വേറെ ഒരാൾക്ക് എഴുതാൻ പറ്റില്ല.
ഉദാഹരണത്തിന് ഡ്രൈവിങ് ലൈസൻസും അയ്യപ്പനും കോശിയും. ഒരു ഈഗോയുടെ ചെറിയ ത്രെഡിൽ നിന്ന് കോർത്തിണക്കി കൊണ്ടു പോകുന്ന സിനിമകളാണ് രണ്ടും. അടുപ്പിച്ച് റിലീസ് ആയിട്ടു പോലും ആവർത്തനവിരസത തോന്നാതിരുന്നത് സച്ചിയുടെ എഴുത്തിന്റെ ബ്രില്യൻസാണ്. സച്ചിയെ തീർച്ചയായും മിസ് ചെയ്യും.” എന്നാണ് മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ബിജു മേനോൻ പറഞ്ഞത്.
ബിജു- മേനോനെയും പൃഥ്വിയെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ‘അയ്യപ്പനും കോശിയും’ എന്ന ചിത്രമായിരുന്നു സച്ചിയുടെ അവസാന ചിത്രം. മികച്ച സംവിധായകനും, മികച്ച സഹനടനും ഉൾപ്പെടെ 5 നാഷണൽ അവാർഡുകളാണ് 2022-ൽ പുറത്തിറങ്ങിയ ചിത്രം കരസ്ഥമാക്കിയത്.