രത്തന്‍ ടാറ്റയുടെ ബയോപിക് ഒരുക്കാന്‍ സുധ കൊങ്കര? പ്രതികരിച്ച് സംവിധായിക

ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റായുടെ ജീവിതം സിനിമയാക്കാന്‍ സംവിധായിക സുധ കൊങ്കര ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായിക ഇപ്പോള്‍. രത്തന്‍ ടാറ്റയുടെ ആരാധികയാണെങ്കിലും, അങ്ങനൊരു സിനിമ വരില്ല എന്നാണ് സുധ പറയുന്നത്.

രത്തന്‍ ടാറ്റയുടെ ബയോപിക് പ്രീ-പ്രൊഡക്ഷന്‍ ഘട്ടത്തിലാണെന്നും 2023 അവസാനത്തോടെ ചിത്രം തിയേറ്ററുകളിലെത്തും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് സംവിധായിക വാര്‍ത്തയെ നിഷേധിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

”ഞാന്‍ മിസ്റ്റര്‍ രത്തന്‍ ടാറ്റയുടെ വലിയ ആരാധികയാണ്. എന്നിരുന്നാലും ഇപ്പോള്‍ അദ്ദേഹത്തിന്റെ ബയോപിക് നിര്‍മ്മിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. എന്റെ അടുത്ത സിനിമയില്‍ നിങ്ങള്‍ക്കുള്ള താല്‍പ്പര്യത്തിന് എല്ലാവര്‍ക്കും നന്ദി, ഉടന്‍ ഉണ്ടാകും” എന്നാണ് സുധ കൊങ്കര ട്വീറ്റ് ചെയ്തിരിക്കുന്നത്.

അതേസമയം, സൂര്യയെ നായകനാക്കി ഒരുക്കിയ ‘സൂരറൈ പോട്ര്’, ആയിരുന്നു സംവിധായികയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഇത് കൂടാതെ പാവ കഥൈകള്‍ ആന്തോളജിയില്‍ ‘തങ്കം’ എന്ന ചിത്രവും സുധയുടെതായി റിലീസ് ചെയ്തിരുന്നു. നിലവില്‍ സൂരറൈ പോട്രിന്റെ ഹിന്ദി റീമേക്ക് ഒരുക്കുകയാണ് സംവിധായിക.

Read more

ജി.ആര്‍ ഗോപിനാഥന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് സൂരറൈ പോട്ര് ഒരുക്കിയത്. ചിത്രത്തില്‍ സൂര്യ അവതരിപ്പിച്ച വേഷത്തില്‍ ബോളിവുഡില്‍ അക്ഷയ് കുമാര്‍ നായകനാകും. ഇതിന് ശേഷം സൂര്യക്കൊപ്പം ഗ്യാങ്സ്റ്റര്‍ എന്നൊരു സിനിമ ഒരുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.