സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ എ. ആർ റഹ്മാനെ പരിഗണിക്കാത്തതിൽ പ്രതികരണവുമായി സംവിധായകൻ ബ്ലെസ്സി. ആടുജീവിതം എന്ന സിനിമയുടെ ആത്മാവ് തന്നെ റഹ്മാന്റെ സംഗീതമായിരുന്നുവെന്നും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കോർ ആയിരുന്നു ചിത്രത്തിലേതെന്നും പറഞ്ഞ ബ്ലെസ്സി, റഹ്മാന് അവാർഡ് കിട്ടാത്തത് കേരളം സംസാരിക്കേണ്ട വിഷയമാണെന്നും കൂട്ടിച്ചേർത്തു..
“ആടുജീവിതത്തിന്റെ ആത്മാവ് റഹ്മാൻ്റെ സംഗീതമായിരുന്നു. ഇന്റർനാഷനൽ ലെവലിലുള്ള സ്കോറായിരുന്നു സിനിമയിലേത്. അറബ് സോംഗും പലസ്തീൻ സോംഗുമൊക്കെ ഉണ്ടായിട്ടും റഹ്മാന് അവാർഡ് കിട്ടാത്തത് നമ്മുക്ക് അപമാനകരമാണ്
ജൂറിക്ക് തോന്നുന്ന ശരിതെറ്റുകളാണല്ലോ അവാർഡ്. റഹ്മാന് അവാർഡ് കിട്ടാത്തത് കേരളം സംസാരിക്കേണ്ട വിഷയമാണ്. കേരളം മുഴുവൻ പാടി നടന്ന പാട്ടുകളല്ലേ ആടുജീവിതത്തിലേത്.” ബ്ലെസ്സി പറയുന്നു.
അതേസമയം മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം കാതൽ എന്ന ചിത്രത്തിലൂടെ മാത്യൂസ് പുളിക്കനും മികച്ച സംഗീത സംവിധാനത്തിനുള്ള പുരസ്കാരം ചാവേറിലൂടെ ജസ്റ്റിൻ വർഗീസുമാണ് സ്വന്തമാക്കിയത്. മികച്ച നടൻ, മികച്ച സംവിധായകൻ, ഛായാഗ്രഹണം,മേക്കപ്പ്, ശബ്ദമിശ്രണം തുടങ്ങീ എട്ടോളം പുരസ്കാരങ്ങളാണ് ഇത്തവണ ആടുജീവിതം സ്വന്തമാക്കയത്.