മലയാളികൾക്ക് എല്ലാ കാലത്തും പ്രിയപ്പെട്ട സിനിമയാണ് മമ്മൂട്ടി- ബ്ലെസ്സി കൂട്ടുകെട്ടിലിറങ്ങിയിയ ‘കാഴ്ച’ എന്ന സിനിമ. സംവിധായകൻ ബ്ലെസ്സിയുടെ ആദ്യ സിനിമ കൂടിയായിരുന്നു 2004 ൽ പുറത്തിറങ്ങിയ കാഴ്ച.
2001 ലെ ഗുജറാത്ത് ഭൂകമ്പത്തെ ആസ്പദമാക്കിയെടുത്ത ചിത്രം ഒരുപാട് പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. ആ സിനിമ ഉണ്ടാവാനിടയായ സാഹചര്യത്തെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ മമ്മൂട്ടി.
“ബ്ലെസ്സി എന്ന് പറയുന്ന ഡയറക്ടർ എന്റെ അടുത്ത് കഥ പറഞ്ഞു, പക്ഷേ എഴുതാൻ ആളുണ്ടായിരുന്നില്ല. ഇത് ഞാൻ ലോഹി സാറിനോട് ചോദിച്ചിട്ടുണ്ട്. പുള്ളിക്ക് സമയം ഉണ്ടെങ്കിൽ പുള്ളിയെകൊണ്ട് എഴുതിപ്പിക്കാം, അല്ലെങ്കിൽ ശ്രീനിവാസൻ സർ ആയാൽ എങ്ങനെയുണ്ടാവും? എന്ന് ബ്ലെസ്സി പറഞ്ഞു. അപ്പോ ഞാൻ പറഞ്ഞു, അവർക്കൊക്കെ വേറെ പണിയില്ലേ. എന്നോട് പറഞ്ഞ ഈ കഥ താനൊന്ന് എഴുതി നോക്കിക്കേ. ഏഴാമത്തെ ദിവസം ബ്ലെസ്സി വന്ന് 62 സീൻ ആയെന്ന് പറഞ്ഞു. അങ്ങനെ പിന്നെ ഞാൻ കണ്ടിന്യൂ ചെയ്യാൻ പറഞ്ഞു. ഞാൻ ഓക്കെ ആയിരുന്നു. അതായിരുന്നു കാഴ്ച എന്ന സിനിമയുടെ സ്ക്രിപ്റ്റ്” ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞു.
വളരെ കുറഞ്ഞ ബഡ്ജറ്റിൽ പുറത്തിറങ്ങിയ ‘കാഴ്ച’ മികച്ച സാമ്പത്തിക വിജയവും കൈവരിച്ചിരുന്നു. ബ്ലെസിക്ക് ആ വർഷത്തെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാർഡും, മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന അവാർഡും ചിത്രം നേടികൊടുത്തിരുന്നു.