റിലീസ് ചെയ്ത് ഏറ്റവും വേഗത്തിൽ നൂറ് കോടി നേട്ടം കൈവരിക്കുന്ന ചിത്രമായി മാറിയിരിക്കുകയാണ് ബ്ലെസ്സി- ബെന്യാമിൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ആടുജീവിതം’. പതിനാറ് വർഷത്തെ ബ്ലെസ്സിയുടെയും പൃഥ്വിരാജിന്റെയും പ്രയത്നത്തിന്റെ വിജയം കൂടിയാണ് ഇപ്പോൾ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന പോസിറ്റീവ് റെസ്പോൺസ്.
മലയാളത്തിൽ 2 ലക്ഷത്തോളം കോപ്പികൾ വിറ്റഴിഞ്ഞ നോവൽ കൂടിയാണ് യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതം. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളും അതിജീവനവും പ്രമേയമാക്കിയാണ് ബെന്യാമിൻ ആടുജീവിതമെഴുതിയത്.
ഇപ്പോഴിതാ തന്റെ അടുത്ത സിനിമയെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ബ്ലെസ്സി. കൂടുതൽ മെച്ചപ്പെട്ട സിനിമ ചെയ്യണമെന്ന് തന്നെയാണ് എല്ലാവരുടെയും ആഗ്രഹമെന്നാണ് ബ്ലെസ്സി പറയുന്നത്. ദൈവം സഹായിച്ച തനിക്ക് വലിയ പ്രശ്നങ്ങളൊന്നും തന്നെയില്ലെന്നും ബ്ലെസ്സി പറയുന്നു.
“ദൈവം സഹായിച്ചിട്ട് എനിക്ക് വലിയ പ്രശ്‌നങ്ങളൊന്നും തോന്നുന്നില്ല. നമ്മുടെ യൂണിറ്റിൽ അസിസ്റ്റന്റ് പിള്ളേരൊക്കെ പ്രൊഡക്ഷൻ്റെ വർക്കുകളും കാര്യങ്ങളുമായി ക്ഷീണിച്ച് രാത്രി ഓഫീസിൽ വരും. അപ്പോൾ ഞാൻ ചോദിക്കും നിനക്കെന്താ ഇത്ര ക്ഷീണം നമുക്കൊന്ന് പന്ത് കളിച്ചാൽ കൊള്ളാമെന്നു പറയും.
ആ ഒരു ലെവലിലാണ് ഞാൻ എൻ്റെ എനർജി ലെവൽ ഞാൻ കീപ് ചെയ്യുന്നത്. അടുത്ത സിനിമ വലിയ സിനിമയെന്നോ ചെറിയ സിനിമ എന്നൊന്നുമില്ല. ആ സിനിമ ഡിമാൻഡ് ചെയ്യുന്ന പോലെ, വേറൊന്നുമില്ല. വലിയൊരു സിനിമ എടുത്തുകളയാമെന്ന് നമ്മൾ കരുതുന്നില്ല. പക്ഷേ എല്ലാവരുടെയും ആഗ്രഹം എന്താണ്, കൂടുതൽ കൂടുതൽ മെച്ചപ്പെട്ട സിനിമ ചെയ്യണമെന്നല്ലേ. ആ ഒരു ആഗ്രഹവും പ്രാർത്ഥനയും ഉണ്ട്.” എന്നാണ് റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ ബ്ലെസ്സി പറഞ്ഞത്.
വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ആടുജീവിതമൊരുക്കിയത്. എ.ആര്‍ റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന് വേണ്ടി റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്തത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്.
ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ ആർ ഗോകുൽ, താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ആടുജീവിതമെത്തിയിരിക്കുന്നത്.