ഷൈൻ ടോം ചാക്കോയെ നായകനാക്കി കമൽ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ‘വിവേകാനന്ദൻ വൈറലാണ്’ എന്ന ചിത്രത്തിനെതിരെ പരാതി. ഈ സിനിമ പുരുഷവിരുദ്ധമാണെന്ന് പറഞ്ഞുള്ള പരാതിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിന്നും തങ്ങൾക്ക് ഒരു വക്കീൽ നോട്ടീസ് ലഭിച്ചുവെന്നാണ് ചിത്രത്തിന്റെ നിർമ്മാതാവ് പി. എസ് ഷെല്ലിരാജ് പറയുന്നത്.
പി. എസ് ഷെല്ലിരാജിന്റെ ഫേയ്സ്ബുക്ക് കുറിപ്പ്:
“വിവേകാനന്ദന്‍ വൈറലാണ് എന്ന സിനിമ പ്രൊഡ്യൂസറാണ്, നിലവിലെ സാഹചര്യങ്ങളെക്കുറിച്ച്, വിവേകാനന്ദന്‍ വൈറലാണ് എന്ന ഞങ്ങളുടെ സിനിമക്കെതിരായി ഒരു വക്കീല്‍ നോട്ടീസ് ലഭിച്ചു. ബഹുമാനപെട്ട കേരളാ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഈ സിനിമ പുരുഷ വിരുദ്ധമാണെന്നും സ്ത്രീകള്‍ ഇങ്ങനെ പ്രതികരിച്ചു തുടങ്ങിയാല്‍ പുരുഷന്‍മാര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റില്ല എന്നൊക്കെയാണ് അവര്‍ വാദിക്കുന്നത്.
ഈ സിനിമയിലൂടെ ഒരിക്കലും പുരുഷ സമൂഹത്തെ ഒന്നടങ്കം അപമാനിക്കാനൊ അധിക്ഷേപിക്കാനോ ഞങ്ങള്‍ ശ്രമിച്ചിട്ടില്ല. തെറ്റ് ചെയ്യുന്നത് പുരുഷനായാലും സ്ത്രീയായാലും അതിന്റെ ഫലം അവര്‍ തന്നെ അനുഭവിക്കണമെന്ന പക്ഷക്കാരനാണ് ഞങ്ങള്‍.
വിവേകാനന്ദനെ പോലെ പുറമെ മാന്യനായി നടിക്കുകയും എന്നാല്‍ സ്ത്രീകളെ അടിമകളായി കാണുകയും പെരുമാറുകയും ചെയ്യുന്ന പുരുഷന്‍മാരും നമുക്ക് ചുറ്റിലുമുണ്ട് എന്നത് ഒരു പരസ്യമായ രഹസ്യമാണ്. അത്തരം ബഹുമുഖമുള്ളവരെ തിരിച്ചറിയുകയും പുറത്ത് കൊണ്ടുവരികയും നമ്മുടെ പെണ്‍കുട്ടികളെ പ്രതികരിക്കാന്‍ പ്രാപ്തരക്കേണ്ടതും നാടിന്റെ പുരോഗതിക്ക് ഏറ്റവും ആവശ്യമായ ഒരു കാര്യമാണെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ഈ സബ്ജക്ട് ഇത് വരെ സിനിമയില്‍ വന്നിട്ടില്ല അയത് കൊണ്ട് വളരെയധികം പ്രാധാന്യം ഈ സബ്ജക്ടിനുണ്ട്.
അഡ്രസ്സ് ചെയ്യപ്പെടേണ്ട വിഷയത്തില്‍ നിന്നും പിന്മാറാന്‍ ഞങ്ങളൊരുക്കമല്ല. ഈ സിനിമ കണ്ട് നിങ്ങള്‍ക്ക് ഭയം തോന്നുന്നുവെങ്കില്‍ നിങ്ങളും ഒരു വിവേകാനന്ദനാണെന്ന് ഞാന്‍ പറയും. എന്തായാലും ഈ കേസ് ഞങ്ങള്‍ നിമയപരമായി തന്നെ നേരിടും. സിനിമ കാണുകയും ഞങ്ങളെ സപ്പോര്‍ട് ചെയ്യുകയും ചെയ്യുന്ന എന്റെ പ്രിയപ്പെട്ടവര്‍ക്ക് ഒരായിരം നന്ദി.”
ഷൈൻ ടോം ചാക്കോയുടെ നൂറാമത്തെ ചിത്രം കൂടിയാണ് വിവേകാനന്ദൻ വൈറലാണ്. സ്വാസികയും ഗ്രേസ് ആന്റണിയുമാണ് ചിത്രത്തിൽ നായികയായെത്തുന്നത്. മെറീന മൈക്കിൾ, ജോണി ആന്റണി, മാലാ പാർവതി,മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാർഥ് ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, അനുഷാ മോഹൻ എന്നീ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
Read more
ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ബിജിബാലാണ്. നെടിയത്ത് പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രകാശ് വേലായുധനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്