സംവിധായകന്‍ ഒമര്‍ ലുലുവിന്റെ ‘നല്ല സമയം’ സിനിമയ്‌ക്കെതിരെ എക്‌സൈസ് വകുപ്പ് എടുത്ത കേസ് റദ്ദാക്കി. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. കേസ് റദ്ദാക്കിയതില്‍ ഹൈക്കോടതിയോട് നന്ദി പറഞ്ഞു കൊണ്ടുള്ള പോസ്റ്റ് ആണ് ഒമര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.
”’നല്ല സമയം’ സിനിമക്ക് എതിരെ കോഴിക്കോട് എക്‌സൈസ് കമ്മീഷ്ണര്‍ എടുത്ത കേസ് ഇന്ന് റദ്ദാക്കി വിധി വന്നു. കേരള ഹൈക്കോടതിയോട് നന്ദി രേഖപ്പെടുത്തുന്നു. ഇന്നത്തെ കാലത്ത് സിനിമയെ സിനിമയായി കാണാനുള്ള ബോധം എല്ലാ മനുഷ്യന്‍മാര്‍ക്കും ഉണ്ട് എന്ന് ഞാന്‍ കരുതുന്നു, പ്രതിസന്ധി ഘട്ടത്തില്‍ എന്റെ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി” എന്നാണ് ഒമര്‍ ലുലു ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് ഡേറ്റ് മാര്‍ച്ച് 20ന് പ്രഖ്യാപിക്കുമെന്നും ഒമര്‍ ലുലു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30ന് ആണ് ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറില്‍ കഥാപാത്രങ്ങള്‍ മാരക ലഹരി വസ്തുവായ എംഡിഎംഎ ഉപയോഗിക്കുന്ന രംഗമാണ് മുഴുനീളം.
ഇതിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളും ഒപ്പം ചേര്‍ത്തിരുന്നു. ഇതാണ് പരാതിയിലേക്കും ഒമര്‍ ലുലുവിനും നിര്‍മ്മാതാവിനുമെതിരെയുള്ള നടപടിയിലേക്കും നയിച്ചത്. ഇര്‍ഷാദാണ് ചിത്രത്തില്‍ നായകന്‍. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവൈബത്തുല്‍ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായികമാര്‍.