ജാതിവ്യവസ്ഥയാണ് രാഷ്ട്രീയത്തില്‍ തന്റെ ഏറ്റവും വലിയ ശത്രുവെന്ന് നടനും മക്കള്‍ നീതി മയ്യം സ്ഥാപകനുമായ കമല്‍ഹാസന്‍. സംവിധായകന്‍ പാ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള നീലം ബുക്സ് ഉദ്ഘാടനം ചെയ്ത് എഗ്മോറില്‍ സംസാരിക്കുകയായിരുന്നു താരം.
”21-ാം വയസ് മുതല്‍ ഞാന്‍ പറയുന്ന കാര്യമാണ്. ഇപ്പോഴും അത് തന്നെയാണ് പറയുന്നത്. ജാതിവ്യവസ്ഥയോടുള്ള എന്റെ നിലപാടില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. പ്രകടിപ്പിക്കുന്ന രീതിയില്‍ പക്വത പ്രാപിച്ചു. ചക്രം കണ്ടുപിടിച്ചതിന് ശേഷം മനുഷ്യന്റെ ഏറ്റവും വലിയ കണ്ടുപിടുത്തം ദൈവമാണ്.”
”ഡോ.ബി.ആര്‍ അംബേദ്കറിനെ പോലുള്ള നേതാക്കള്‍ രാഷ്ട്രീയത്തില്‍ നിന്ന് ജാതിയെ ഇല്ലാതാക്കാന്‍ പോരാടി. അത് ഇനിയും തുടരേണ്ടതുണ്ട്. ആ പോരാട്ടത്തിന്റെ തുടര്‍ച്ചയാണ് നീലം സാംസ്‌കാരിക കേന്ദ്രം” എന്നാണ് കമല്‍ഹാസന്‍ പറയുന്നത്.
ആര്‍ട്ട് സിനിമകളെ മുഖ്യധാരാ സിനിമകളെ പോലെ തന്നെ ജനകീയമാക്കാനുള്ള ഫോര്‍മുല അവതരിപ്പിച്ച സംവിധായകനാണ് പാ രഞ്ജിത്തെന്നും കമല്‍ഹാസന്‍ പറഞ്ഞു. നീലം ബുക്‌സിന്റെ പുസ്തകങ്ങള്‍ രാഷ്ട്രീയ അവബോധം സൃഷ്ടിക്കുമെന്ന് പാ രഞ്ജിത്തും വ്യക്തമാക്കി.