'ആ സിനിമയില്‍ നിന്നും ഒഴിവാകാന്‍ പ്രതിഫലം കൂട്ടി ചോദിച്ചു'

ചലച്ചിത്ര ജീവിത്തതിന്റെ തുടക്കകാലത്താണ് താന്‍ സാഹസത്തിനു മുതിര്‍ന്നിട്ടുണ്ടെന്ന് രജനീകാന്ത് പറഞ്ഞു. നായകവേഷത്തില്‍ നിന്ന് എങ്ങനെയും ഒഴിവാകാന്‍ വേണ്ടി ഒരിക്കല്‍ താന്‍ പ്രതിഫലം കൂട്ടിച്ചോദിച്ചതാണ് ആ സാഹസമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ചെന്നൈ രാഘവേന്ദ്ര കല്യാണമണ്ഡപത്തില്‍ ആരാധകരുമായി സംവദിക്കവേയാണ് രജനീകാന്ത് ആ പഴയ കഥ പറഞ്ഞത്.

ആദ്യകാലത്ത് താന്‍ വില്ലന്‍ വേഷങ്ങളാണ് ചെയ്തുകൊണ്ടിരുന്നത്. അക്കാലത്ത് തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളിലൊക്കെ അഭിനയിച്ചെങ്കിലും നായകനാകണമെന്ന ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെയാണ് ഭൈരവി എന്ന ചിത്രത്തിലേക്ക് തന്നെ നായകനാക്കി ക്ഷണിച്ചുകൊണ്ട് നിര്‍മാതാവായ കലൈജ്ഞാനം എത്തുന്നത്.

അന്നെന്തോ നായകനാകാന്‍ തോന്നിയില്ല. അതുകൊണ്ട് എങ്ങനെയെങ്കിലും ഒഴിവാകാന്‍ വേണ്ടി 50,000 രൂപ പ്രതിഫലമായി ചോദിച്ചു- രജനീകാന്ത് പറഞ്ഞു. അന്ന് രജനീകാന്തിന്റെ പ്രതിഫലം 25,000 രൂപയായിരുന്നു. പ്രതിഫലം കൂട്ടിയിട്ടും കലൈജ്ഞാനന്‍ വിട്ടില്ല.

30,000 രൂപ അഡ്വാന്‍സ് നല്‍കി രജനിയെത്തന്നെ നായകനായി ഉറപ്പിച്ചു. രജനീകാന്തിനെ സൂപ്പര്‍താരമാക്കുന്നതില്‍ ഭൈരവി വലിയ പങ്കു വഹിച്ചു. 1978ല്‍ റിലീസ് ചെയ്ത ഭൈരവി വന്‍വിജയമായിരുന്നു.