തെന്നിന്ത്യൻ സിനിമ മേഖലയിൽ നിന്ന് ലഭിച്ച മോശം അനുഭവങ്ങളെപ്പറ്റി തുറന്ന് പറഞ്ഞ് നടി ചാർമിള. സിനിയിൽ തിളങ്ങി നിന്ന സമയം മുതൽ നിരവധി വിവാദങ്ങളാണ് ചാർമിളയ്ക്കെതിരെ ഉയർന്നിട്ടുള്ളത്. വിവാദങ്ങളിൽ പലതും സത്യമല്ലെന്ന് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ചാർമിള വ്യക്തമാക്കി. മദ്യപിച്ച് ലൊക്കേഷനിലെത്തുന്നു, കാരവാന് വേണ്ടി ബഹളം വയ്‌ക്കുന്നു, പൈസയെ ചൊല്ലി നിർമ്മാതാവുമായി വഴക്കുണ്ടാക്കുന്നു തുടങ്ങി പല ആരോപണങ്ങളും തന്നെക്കുറിച്ച് അക്കാലത്ത് സിനിമാക്കാർ തന്നെ പ്രചരിപ്പിച്ചിരുന്നു.
ഒരുപാട് ആരോപണങ്ങൾ തന്റെ പേരിലുണ്ടായിട്ടുണ്ട്. സത്യത്തിൽ താൻ നായികയായിട്ട് വരുന്ന സമയത്ത് ഇന്ത്യയിൽ കാര്യാവൻ ഇല്ല. വിദേശത്തുണ്ടായിരുന്നു. ഇന്ത്യയിൽ വന്നാൽ നന്നായിരിക്കും എന്നെല്ലാം അക്കാലത്ത് ഞങ്ങൾ ചിന്തിച്ചിട്ടുണ്ടന്നല്ലാതെ അതിൽ സത്യമില്ല. പിന്നെ വിവാഹത്തിന് മുമ്പ് ഞാൻ മദ്യപിച്ചിട്ടുണ്ട്. അന്ന് എന്റെ കാമുകനൊപ്പം പബ്ബിലൊക്കെ പോകുമായിരുന്നു. പ്രായം അതായിരുന്നു, വിവാഹ ശേഷം പക്ഷേ അങ്ങനെയല്ല. മകന് നല്ലൊരു മാതൃക കാട്ടി കൊടുക്കാൻ നമുക്ക് ഉത്തരവാദിത്തമുണ്ട്. അതുകൊണ്ട് മദ്യപാന ശീലം താൻ ഒഴിവാക്കിയെന്നും അവർ പറഞ്ഞു.
സിനിമയിൽ അവസരം തരാമെന്ന പേരിൽ പലരും അഡ്‌ജസ്റ്റ്മെന്റുകൾക്ക് തയ്യാറാകാൻ വിളിച്ചിട്ടുണ്ട്. അതിനെ നമ്മൾ എതിർക്കുമ്പോൾ അവർക്ക് സ്വാഭാവികമായും ദേഷ്യം തോന്നും. പല കഥകളും പറഞ്ഞുണ്ടാക്കും. എന്റെ മുൻകാമുകന്മാരുമായിട്ടാണ് പലപ്പോഴും അവർ അതിനെ താരതമ്യം ചെയ്യുന്നത്. അവർക്കൊപ്പം പോകാമെങ്കിൽ എന്റെ കൂടെയും വരാമല്ലോ എന്നാണ് പലരും പറഞ്ഞിട്ടുള്ളതെന്നും.
ഇപ്പോൾ നീ തനിച്ചല്ലേ, കമ്പനി തന്നൂടേ എന്നാണ് എന്നോട് ചോദിക്കുന്നതെന്നും ചാർമിള പറഞ്ഞു. അങ്ങനെയാണ് പല കഥകൾ ഉണ്ടായതും അവസരങ്ങൾ ഇല്ലാതായതും. വ്യക്തിപരമായ കാര്യങ്ങൾ എന്തിനാണ് തുറന്നു പറയുന്നതെന്ന് ചിലർ എന്നോട് ചോദിക്കാറുണ്ട്. പബ്ലിസിറ്റിക്ക് വേണ്ടിയല്ല ഞാനിതൊന്നും പറയുന്നത്. വളരെ സ്നേഹമുള്ള അച്ഛനെയും അമ്മയെയുമാണ് ദൈവം എനിക്കു തന്നത്. പ്രണയകാലത്ത് അച്ഛനും അമ്മയും പറയുന്നത് ഞാൻ കേട്ടില്ല. അതാണ് ഇന്നിങ്ങനെയൊക്കെ ആയത്.
തനിക്ക് സംഭവിച്ചത് അറിഞ്ഞിട്ടെങ്കിലും പുതിയ കുട്ടികൾക്ക് ഒരു പേടിയുണ്ടാകുന്നത് നല്ലതാണെന്നും ചാർമിള കൂട്ടിച്ചേർത്തു. അടുത്ത ജന്മത്തിൽ സുന്ദരനായ ഒരു സിനിമാനടനായി വരണമെന്നാണ് തന്റെ ആഗ്രഹം. വലിയ സൂപ്പർ സ്റ്റാർ ആയിരിക്കും. എല്ലാ നടിമാരും എന്റെ പുറകേ വന്ന് പ്രൊപ്പോസ് ചെയ്യണം, ഡേറ്റിംഗിന് വിളിക്കണം. ഇതൊക്കെ തന്റെ ആഗ്രഹങ്ങളാണെന്നും അവർ കൂട്ടിച്ചേർത്തു.