‘ജാൻ എ മൻ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിച്ച സംവിധായകനാണ് ചിദംബരം. രണ്ടാം ചിത്രമായ ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിലൂടെ മലയാളത്തിലെ നാലാമത്തെ 100 കോടി സിനിമയെന്ന നേട്ടവും കൈവരിക്കാൻ ചിദംബരത്തിനായി.
2006-ൽ എറണാകുളത്തെ മഞ്ഞുമ്മൽ എന്ന പ്രദേശത്തു നിന്നും 11 യുവാക്കൾ കൊടൈക്കനാലിലേക്ക് ട്രിപ്പ് പോവുന്നതും, അതിലൊരാൾ ഗുണ കേവ്സിൽ കുടുങ്ങുന്നതും തുടർന്നുള്ള സംഭവവികാസവുമാണ് മഞ്ഞുമ്മൽ ബോയ്സിന്റെ പ്രമേയം. എന്നാൽ ഏകാന്തയും മരണവും ജനനവും പ്രമേയമാവുന്ന ജാൻ എ മൻ കോമഡി ഴോണറിൽ പുറത്തിറങ്ങിയാണ് ഹിറ്റടിച്ചത്.
ഇപ്പോഴിതാ തന്റെ ആദ്യ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ചിദംബരം. ചിത്രത്തിലെ ബേസിൽ ജോസഫിന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ടാണ് ചിദംബരം സംസാരിച്ചത്. താൻ എഴുതി വെച്ചതിനെക്കാൾ എത്രയോ മുകളിലാണ് ബേസിൽ അഭിനയിച്ചിരിക്കുന്നത് എന്നാണ് ചിദംബരം പറയുന്നത്.
“ജാൻ എ മന്നിലെ ബേസിലിൻ്റെ അഭിനയം കണ്ട് ഞാൻ ഞെട്ടിയിട്ടുണ്ട്. തീർച്ചയായും ഞാൻ എഴുതി വെച്ചതിൻ്റെ എത്രയോ മുകളിലാണ് ബേസിൽ അഭിനയിച്ചിരിക്കുന്നത്. ആ ചിരിയൊന്നും നമ്മൾ എത്ര എഴുതിയാലും കിട്ടില്ല. അത് ബേസിൽ തന്നെ ചിരിക്കണമല്ലോ. ജാൻ എ മന്നിൽ ജോയ് മോനും മോനിച്ചനും ഇരുന്ന് സംസാരിക്കുന്ന സീനാണ് എനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ടത്. അതാണ് സിനിമയുടെ എസൻസ് എന്ന് തോന്നുന്നത്.
അവർ രണ്ടുപേരും ഒരേ ആൾക്കാരാണ്. മോനിച്ചൻ്റേയും ജോയ് മോന്റേയും പ്രശ്നം ഒന്നാണ്. രണ്ടുപേരും ഒറ്റപ്പെട്ട ആൾക്കാരാണ്. പക്ഷേ അവരുടെ മെക്കാനിസം വർക്ക് ചെയ്യുന്നത് രണ്ട് രീതിയിലാണ്. ഫൈനലി അവർ രണ്ട് പേരും അത് മനസിലാക്കുന്നുണ്ട്.
മോനിച്ചൻ ആൾക്കാരെ അകറ്റിക്കൊണ്ട്, എല്ലാവരോടും ദേഷ്യപ്പെട്ട് കാര്യങ്ങൾ ഡീൽ ചെയ്യുന്നു. എന്നാൽ ജോയ് മോൻ ആൾക്കാരുടെ പിറകെ ഓടിയാണ് അത് ഡീൽ ചെയ്യുന്നത്. ആ സീൻ കുറേ ആളുകൾക്ക് വർക്ക് ഔട്ട് ആയിട്ടുണ്ട്.” എന്നാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ചിദംബരം പറഞ്ഞത്.