അടുത്തിടെയായി റീമേക്ക് ചിത്രങ്ങള്‍ മാത്രം ഒരുക്കുന്നതിന് പിന്നില്‍ തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ‘ലൂസിഫര്‍’ ചിത്രത്തിന്റെ റീമേക്ക് ആയി ‘ഗോഡ്ഫാദര്‍’ എത്തിയപ്പോള്‍ കനത്ത പരാജയമായിരുന്നു ബോക്‌സോഫീസില്‍ നിന്നും നേടിയത്.
അടുത്തതായി ചിരഞ്ജീവിയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രം ‘ഭോല ശങ്കര്‍’ അജിത്ത് ചിത്രം ‘വേതാള’ത്തിന്റെ റീമേക്ക് ആണ്. എന്നാല്‍ മറ്റ് ഭാഷകളില്‍ നിന്നുള്ള ചിത്രങ്ങള്‍ റീമേക്ക് ചെയ്യുന്നത് കുറക്കണമെന്നാണ് ആരാധകര്‍ അടക്കം പറയുന്നത്.
താന്‍ റീമേക്ക് ചിത്രങ്ങള്‍ ചെയ്യുന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ചിരഞ്ജീവി ഇപ്പോള്‍. ‘ഭോലാ ശങ്കറി’ന്റെ പ്രീ-റിലീസ് ഇവന്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ”ഭോലാ ശങ്കര്‍ എന്നെ പോലെ നിങ്ങള്‍ക്കും ഇഷ്ടമാകുമെന്നാണ് എന്റെ പ്രതീക്ഷ. പലരും റീമേക്ക് ചിത്രങ്ങള്‍ ചെയ്യുന്നതിനെ കുറിച്ച് ചോദിക്കാറുണ്ട്.”
”ശക്തമായ കഥയും ഉള്ളടക്കവുമുളളതുകൊണ്ടാണ് പല ചിത്രങ്ങളും തെലുങ്ക് ജനതയുടെ മുന്നില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത്. അതില്‍ എന്താണ് തെറ്റ്? ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ സജീവമായതോടെ വ്യത്യസ്തഭാഷ ചിത്രങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്.”
”പിന്നെ എന്തിനാണ് ചിത്രങ്ങള്‍ റീമേക്ക് ചെയ്യുന്നതെന്നാണ് ആളുകള്‍ ചോദിക്കുന്നത്. എന്നാല്‍ വേതാളം ഒ.ടി.ടിയില്‍ ലഭ്യമല്ല. അതാണ് ഈ ചിത്രം ചെയ്യാനുള്ള ആത്മവിശ്വാസം” എന്നാണ് ചിരഞ്ജീവി പറയുന്നത്. മെഹര്‍ രമേഷാണ് ഭോലാ ശങ്കര്‍ സംവിധാനം ചെയ്യുന്നത്. തമന്നയാണ് ചിത്രത്തില്‍ നായിക.