'ട്രോളന്‍മാര്‍ വിദ്വേഷം പടര്‍ത്തുന്ന വിനാശകാരികളായ വൈറസുകള്‍'; ഉദ്ദേശിച്ചത് ബി.ജെ.പിയല്ലേയെന്ന് കമന്റുകള്‍, ഖുശ്ബുവിന് പൊങ്കാല

വിദ്വേഷ പ്രചരണം നടത്തുന്ന ട്രോളന്‍മാര്‍ വിനാശകാരികളായ വൈറസുകളാണെന്ന് നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു. സമൂഹത്തില്‍ വിദ്വേഷം പടര്‍ത്താന്‍ ഭീരുക്കളായ ട്രോളന്‍മാര്‍ക്ക് എവിടെ നിന്നാണ് ഊര്‍ജം ലഭിക്കുന്നത് എന്നാണ് ഖുശ്ബു ചോദിക്കുന്നത്.

“”സമൂഹത്തില്‍ വിദ്വേഷം പടര്‍ത്താന്‍ ഭീരുക്കളായ ഈ ട്രോളന്‍മാര്‍ക്ക് എവിടെ നിന്നാണ് ഊര്‍ജം കിട്ടുന്നതെന്ന് അതിശയം തോന്നുന്നു. ഇന്ന് ഏറ്റവും വിനാശകാരികളായ വൈറസുകളാണ് ഇവരെന്ന് തോന്നുന്നു”” എന്നാണ് ഖുശ്ബുവിന്റെ ട്വീറ്റ്.

വൈറസ് എന്ന് ഉദ്ദേശിച്ചത് ബിജെപിയെയാണോ എന്ന കമന്റുകളാണ് ട്വീറ്റിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. അതേസമയം, രാജ്യത്ത് കോവിഡ് ക്രമാതീതമായി വ്യാപിക്കുന്നത് ബി.ജെ.പി സര്‍ക്കാര്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കുകയാണെന്ന വിമര്‍ശനങ്ങളാണ് ഉയരുന്നത്.

രാജ്യത്ത് ഇന്നും പ്രതിദിന കൊവിഡ് കേസുകള്‍ നാല് ലക്ഷത്തിന് മുകളില്‍. 24 മണിക്കൂറിനിടെ 4,03,738 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. 4,092 പേര്‍ മരിച്ചു. 37,36,648 പേരാണ് രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്. 24 സംസ്ഥാനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലാണ്.