പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഭരണകാലത്ത് കോലാർ ഗോൾഡ് ഫാകടറിയിൽ നടന്ന സംഭവവികാസങ്ങളെ ആസ്പദമാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തങ്കലാൻ’. വിക്രമാണ് ചിത്രത്തിൽ നായകനായെത്തുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന പിരിയഡ്- ഡ്രാമ ചിത്രമായതുകൊണ്ട് തന്നെ തെന്നിന്ത്യൻ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് തങ്കലാൻ.
റോമൻ പൊളൻസ്കി സംവിധാനം ചെയ്ത ഓസ്കർ ചിത്രം ‘ദി പിയാനിസ്റ്റ്’, ആഞ്ജലീന ജോളിയുടെ ‘ലാറ ക്രോഫ്റ്റ്’, തുടങ്ങീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഡാനിയൽ കാൽടാഗിറോൺ ആണ് ചിത്രത്തിൽ വിക്രമിന്റെ വില്ലനായി എത്തുന്നത്. ഇപ്പോഴിതാ തങ്കലാനെ കുറിച്ചും പാ രഞ്ജിത്തിനെ കുറിച്ചും സംസാരിക്കുകയാണ് ഡാനിയൽ കാൽടാഗിറോൺ.
ഒരു ക്ലീഷേ ബ്രിട്ടീഷ് പൊലീസ് കഥാപാത്രത്തിൽ നിന്നും വ്യത്യസ്തമായാണ് ചിത്രത്തിൽ പാ രഞ്ജിത്ത് തന്റെ കഥാപാത്രത്തെ എഴുതിയിരിക്കുന്നത് എന്നാണ് ഡാനിയൽ പറയുന്നത്. ഇന്ത്യൻ സിനിമയെ പലപ്പോഴും ബോളിവുഡുമായാണ് പുറത്തുള്ളവർ ബന്ധപ്പെട്ടിരിക്കുന്നുതെന്നും, എന്നാൽ തമിഴ് സിനിമാ വ്യവസായം ഇന്ത്യയിൽ അംഗീകാരം നേടുന്നുന്നുണ്ടെന്നും, അതിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ താൻ അഭിമാനിക്കുന്നുവെന്നും താരം വ്യക്തമാക്കി.
“ഒരു ക്ലീഷെ ബ്രിട്ടീഷ് പൊലീസ് കഥാപാത്രത്തിൽ നിന്ന് മാറി വ്യത്യസ്തമായി, പുതുമ തോന്നിക്കും വിധം ചെയ്യാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. കഥയുടെ യഥാർഥ സത്ത തിരിച്ചറിയാൻ അദ്ദേഹം എന്നെ പ്രേരിപ്പിച്ചു. സാധാരണ ഇന്ത്യൻ സിനിമയിൽ കാണുന്ന സ്ഥിരം ഇംഗ്ലീഷ് കഥാപാത്രത്തിൽ നിന്ന് മാറി ആഴവും വൈകാരികതയും സങ്കീർണ്ണതയും കൊണ്ടുവരാൻ ഞങ്ങൾ ആഗ്രഹിച്ചു, കാരണം വിക്രമിന്റെ കഥാപാത്രം പോലെ തന്നെ പ്രാധാന്യമുണ്ട് എന്റെ കഥാപാത്രത്തിനും
ജീവിതത്തിൽ ആദ്യമായാണ് ഇത്രയും ബുദ്ധിമുട്ടേറിയ കഥാപാത്രം കൈകാര്യം ചെയ്യുന്നത്, അതേസമയം ഏറ്റവും സവിശേഷത നിറഞ്ഞതും. ഇന്ത്യൻ സിനിമയെ പലപ്പോഴും ബോളിവുഡുമായാണ് പുറത്തുള്ളവർ ബന്ധപ്പെട്ടിരിക്കുന്നുത്, എന്നാൽ ഇത് ബോളിവുഡിനും മേലെയാണ്. തമിഴ് സിനിമാ വ്യവസായം ഇന്ത്യയിൽ അംഗീകാരം നേടുന്നു, അതിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു
എന്റെ കരിയറിൽ ആദ്യമായാണ് സംവിധായകന്റെ കഴിവിൽ മാത്രം വിശ്വസിച്ചുകൊണ്ട് ഒരു സിനിമ ചെയ്യാൻ തീരുമാനിക്കുന്നത്. പാ രഞ്ജിത് നൽകിയ സീനിനെ അടിസ്ഥാനമാക്കിയാണ് ഞാൻ അഭിനയിച്ചത്. അദ്ദേഹം മനസിലുള്ളത് എന്താണോ അത് എന്നെ കൊണ്ട് ചെയ്യിപ്പിച്ചു. ഒരു ഭാഷയിൽ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോൾ വിവർത്തനത്തിൽ പലപ്പോഴും വ്യത്യാസങ്ങൾ സംഭവിക്കാം. ലോകത്തിലെ ഏറ്റവും പഴക്കമേറിയതും മനോഹരവുമായ ഭാഷകളിലൊന്നായ തമിഴിൻ്റെ സമ്പന്നതയോട് ഇംഗ്ലീഷ് പതിപ്പ് നീതി പുലർത്തുമോ എന്ന കാര്യത്തിൽ സംശയമാണ്. രഞ്ജിത് പറഞ്ഞതെല്ലാം അയാൾ നിറവേറ്റും എന്ന വിശ്വാസത്തിൽ ഞാൻ അദ്ദേഹത്തിൽ വിശ്വസിക്കുകയായിരുന്നു
തിരക്കഥ പൂർണമായും വായിക്കാതെയാണ് ഞാൻ സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചത്. കാരണം പാ രഞ്ജിത്തുമായി ഒരു നീണ്ട കൂടിക്കാഴ്ച്ച തന്നെയുണ്ടായി. അദ്ദേഹത്തിന്റെ വർക്കും വിക്രമിന്റെ വർക്കും ഞാൻ കണ്ടു. ഒറിജിനൽ സ്ക്രിപ്റ്റ് തമിഴിലായിരുന്നു. അതുകൊണ്ടു തന്നെ കഥയുടെ സമ്പന്നതയെക്കുറിച്ച് എനിക്ക് അറിവില്ലായിരുന്നു.” എന്നാണ് ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ ഡാനിയൽ പറഞ്ഞത്.
തങ്കലാൻ ട്രെയ്ലറിന് ഗംഭീര പ്രതികരങ്ങളാണ് ലഭിച്ചത്. പുറത്തുവിട്ട ആദ്യ ഗാനത്തിനും മികച്ച പ്രശംസകളാണ് ലഭിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം ചിയാൻ വിക്രമിന്റെ ഗംഭീര പ്രകടനമായിരിക്കും ചിത്രത്തിലേതെന്ന് ട്രെയ്ലർ ഉറപ്പ് തരുന്നുണ്ട്. പിരിയഡ്- ആക്ഷൻ ചിത്രമായ തങ്കലാൻ ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായി മാറാനുള്ള സാധ്യതകളാണ് ട്രെയ്ലറിൽ കാണുന്നത്. ആഗസ്റ്റ് 15 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
അതേസമയം പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ എന്നീ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്നാണ് തങ്കലാൻ നിർമ്മിക്കുന്നത്. ജി. വി പ്രകാശ്കുമാറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. അൻപറിവ് മാസ്റ്റേഴ്സ് ആണ് തങ്കലാനിൽ ആക്ഷൻ കൊറിയോഗ്രഫി ചെയ്യുന്നത്.