കാണാന്‍ ഒരു ലുക്കും ഇല്ലെങ്കിലും അവളുടെ ഒരു കോണ്‍ഫിഡന്‍സ് നോക്കണേ എന്നായിരുന്നു അവർ പറഞ്ഞത്..: ദർശന രാജേന്ദ്രൻ

മലയാളത്തിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് എപ്പോഴും തിളങ്ങി നിൽക്കുന്ന താരമാണ് ദർശന രാജേന്ദ്രൻ. മായനദി എന്ന ചിത്രത്തിലെ ‘ബാവ്‌രാ മൻ’ എന്ന് തുടങ്ങുന്ന പഴയ ഹിന്ദി ഗാനത്തിലൂടെയായിരുന്നു ദർശന പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി മാറിയത്.

റോഷൻ മാത്യൂസിനൊപ്പം പ്രധാന കഥാപാത്രമായെത്തിയ ‘പാരഡൈസ്’ ആണ് ദർശനയുടെ ഏറ്റവും പുതിയ ചിത്രം. ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിതനഗെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ വിനീത് ശ്രീനിവാസൻ ചിത്രം ‘ഹൃദയം’ എന്ന ചിത്രത്തിൽ നായികയായെത്തിയപ്പോൾ ഉണ്ടായ നെഗറ്റീവ് കമന്റുകളെ കുറിച്ചാണ് ദർശന പറയുന്നത്.

താൻ പ്രണവിന്റെ നായികയായെത്തിയപ്പോൾ പലർക്കും ഇഷ്ടമായില്ലെന്നാണ് ദർശന പറയുന്നത്. കാണാന്‍ ഒരു ലുക്കും ഇല്ലെങ്കിലും ദര്‍ശനയുടെ ഒരു കോണ്‍ഫിഡന്‍സ് നോക്കണേ എന്നൊക്കെയാണ് ചിലർ സോഷ്യൽ മീഡിയയിലൂടെ കമന്റുകളിട്ടത് എന്നാണ് ദർശന പറയുന്നത്.

“മെന്റലി ഓക്കെയാണെന്നും ഒരു സ്‌പേസിട്ട് നില്‍ക്കാന്‍ പറ്റുമെന്നും ഉറപ്പുള്ള സമയത്ത് മാത്രമാണ് ഞാന്‍ കമന്റുകള്‍ നോക്കുന്നത്. ആ സമയത്ത് ഞാന്‍ എല്ലാ കമന്റുകളും നോക്കാറുണ്ട്. ഞാന്‍ ഓക്കെയായ സമയമായത് കൊണ്ട് ഒരു കമന്റുകളും എന്നെ ബാധിക്കാറില്ല. ഹൃദയം സിനിമയുടെ സമയത്ത് എനിക്ക് കിട്ടുന്ന കമന്റുകളൊക്കെ കോമഡിയായിരുന്നു. എങ്ങനെയുള്ള നടിയായിരിക്കണം ലീഡ് റോളില്‍ വരേണ്ടതെന്ന ചിന്ത പൊതുവെ ഉണ്ടല്ലോ. എന്നെ പോലെയുള്ള ഒരാളെ നായികയായി കണ്ടതോടെ ആളുകളൊക്കെ ശരിക്കും അണ്‍കംഫേര്‍ട്ടായിരുന്നു.

പക്ഷെ എനിക്ക് അതില്‍ ഒരുപാട് സന്തോഷം തോന്നി. എന്നെ പോലെയുള്ള ആളുകള്‍ക്കും സ്‌നേഹിക്കപ്പെടാമെന്നും, സ്ലോമോഷനില്‍ നടന്ന് മുടി പറത്താമെന്നും മനസിലാക്കി കൊടുക്കാന്‍ സാധിച്ചു. പക്ഷെ എന്നെ പൂരത്തെറി ആയിരുന്നു. ഇതിനെയൊക്കെ എന്തിനാണ് പ്രണവ് മോഹന്‍ലാലിന്റെ നായികയാക്കിയത് എന്നായിരുന്നു അവരൊക്കെ ചോദിച്ചത്. ആ സമയത്ത് രാജേഷ് മാധവനും റോഷന്‍ മാത്യുവുമൊക്കെ ആ കമന്റുകള്‍ എനിക്ക് സ്‌ക്രീന്‍ഷോട്ടെടുത്ത് അയച്ചു തരുമായിരുന്നു. അവരൊക്കെ ഈ കമന്റുകള്‍ കളക്ട് ചെയ്യുന്ന ഒരു ടീമായിരുന്നു. എന്നിട്ട് എല്ലാം എനിക്ക് അയച്ചു തരുമായിരുന്നു.

ആ സമയത്ത് മെന്റലി ഒരു ഡിസ്റ്റന്‍സ് വെച്ച് വായിക്കാന്‍ പറ്റുന്ന അവസ്ഥയാണെങ്കില്‍ ഞാന്‍ വായിച്ച് എന്‍ജോയ് ചെയ്യാറുണ്ട്. മെന്റലി ഡൗണാണെങ്കില്‍ ഞാന്‍ അതിലേക്ക് പോകാറില്ല. അപ്പോള്‍ അവര്‍ക്കും അറിയാവുന്നത് കൊണ്ട് ആ സമയത്ത് സ്‌ക്രീന്‍ഷോട്ട് ഒന്നും അയക്കില്ല. കാണാന്‍ ഒരു ലുക്കും ഇല്ലെങ്കിലും ദര്‍ശനയുടെ ഒരു കോണ്‍ഫിഡന്‍സ് നോക്കണേ എന്നൊക്കെയാണ് ചില കമന്റുകള്‍ ഉണ്ടാവുക. അതിന്റെ സ്‌ക്രീന്‍ഷോട്ട് അയച്ച് തന്നിട്ട് അവര്‍ മെസേജില്‍ സ്റ്റാറിട്ട് വെച്ചിട്ടുണ്ട്. എനിക്ക് ഇടക്കിടെ കാണിച്ചു തരാന്‍ വേണ്ടിയാണ് അത്.” എന്നാണ് റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ ദർശന പറഞ്ഞത്.

ഇരുപത്തിയെട്ടാമത് ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രത്തിനുള്ള പുരസ്കാരമായ കിം ജിസെയോക്ക് (Kim Jiseok) അവാർഡ് കരസ്ഥമാക്കിയ ചിത്രം കൂടിയാണ് പാരഡൈസ്. ജൂൺ 28 -നാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ്.

കേശവ്, അമൃത എന്നീ മലയാളി ദമ്പതികൾ തങ്ങളുടെ വിവാഹവാർഷികം ആഘോഷിക്കാനും, രാമായണവുമായി ബന്ധപ്പെട്ട ലൊക്കേഷനുകൾ എക്സ്പ്ലോർ ചെയ്യുവാനുമായി ശ്രീലങ്കയിൽ എത്തുന്നതും, തുടർന്ന് രാജ്യത്തുണ്ടാവുന്ന സാമ്പത്തിക പ്രതിസന്ധിയും ആഭ്യന്തര കലാപവുമാണ് ചിത്രത്തിന്റെ പ്രമേയം. നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയ ചിത്രം കൂടിയാണ് പാരഡൈസ്.

ന്യൂട്ടൺ സിനിമ നിർമ്മിച്ച ചിത്രം തമിഴ് സംവിധായകൻ  മണി രത്നത്തിന്റെ മദ്രാസ് ടാക്കീസിന്റെ ബാനറിലാണ് പുറത്തിറങ്ങുന്നത്. ഇംഗ്ലീഷ്,മലയാളം,തമിഴ്,ഹിന്ദി,സിംഹള എന്നീ ഭാഷകളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. രാജീവ് രവി ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ പ്രശസ്ത ശ്രീലങ്കൻ അഭിനേതാക്കളായ മഹേന്ദ്ര പെരേര,ശ്യാം ഫെർണാൻഡോ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.

Read more

മേഘരാമസ്വാമി സംവിധാനം ചെയ്ത  ല ലാന്നാസ് സോങ്സ് (La lanna’s songs), വരുൺ ഗ്രൂവറിന്റെ ‘കിസ്സ്'(kiss), ഡോൺ പാലത്തറയുടെ ‘ഫാമിലി'(family) എന്നിവയാണ് ന്യൂട്ടൺ സിനിമയുടെ ബാനറിൽ പുറത്തിറങ്ങിയ മുൻചിത്രങ്ങൾ.കലാപരമായും ആഖ്യാനപരമായും മികച്ച സിനിമകൾ  നിർമ്മിക്കുന്നതിൽ എന്നും മുൻപന്തിയിലാണ്  ന്യൂട്ടൺ  സിനിമ.അതുകൊണ്ടു തന്നെ  അടുത്ത സിനിമ സംരംഭമായ ‘പാരഡൈസി’നു വേണ്ടി പ്രതീക്ഷയോടെയാണ് പ്രേക്ഷകരും നിരൂപകരും കാത്തിരിക്കുന്നത്.