മലയാളത്തിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് എപ്പോഴും തിളങ്ങി നിൽക്കുന്ന താരമാണ് ദർശന രാജേന്ദ്രൻ. മായനദി എന്ന ചിത്രത്തിലെ ‘ബാവ്‌രാ മൻ’ എന്ന് തുടങ്ങുന്ന പഴയ ഹിന്ദി ഗാനത്തിലൂടെയായിരുന്നു ദർശന പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി മാറിയത്.
വൈറസ്, സീ യു സൂൺ, ആണും പെണ്ണും, ഹൃദയം, ഡിയർ ഫ്രണ്ട്, ജയ ജയ ജയ ജയ ഹേ, തുറമുഖം, പുരുഷപ്രേതം തുടങ്ങീ മലയാളത്തിലെയും അന്യ ഭാഷകളിലും കലാമൂല്യമുള്ള മികച്ച സിനിമകളുടെ ഭാഗമാണ് ഇന്ന് ദർശന രാജേന്ദ്രൻ. റോഷൻ മാത്യൂസിനൊപ്പം പ്രധാന കഥാപാത്രമായെത്തിയ ‘പാരഡൈസ്’ ആണ് ദർശനയുടെ ഏറ്റവും പുതിയ ചിത്രം.
ഇപ്പോഴിതാ സിനിമയിലെ തന്റെ പ്രചോദനങ്ങളെ പറ്റി സംസാരിക്കുകയാണ് ദർശന രാജേന്ദ്രൻ. ഒരു പ്രേക്ഷക എന്ന നിലയിൽ തന്നെ സ്മിത പാട്ടീലും, ഉർവശിയും തനിക്ക് മുൻപ് തന്നെ പ്രചോദനമായയിരുന്നുവെന്നാണ് ദർശന രാജേന്ദ്രൻ പറയുന്നത്. കൂടാതെ ഉർവശി അഭിനയിക്കുമ്പോൾ ആ കഥാപാത്രം കടന്നുപോകുന്ന മാനസികാവസ്ഥ നമുക്കും ഫീൽ ചെയ്യുന്നതായി തോന്നുമെന്നാണ് ദർശന രാജേന്ദ്രൻ പറയുന്നത്.
“ഒരു അഭിനേതാവ് എന്ന നിലയിൽ സിനിമയെ നോക്കിക്കാണുന്നതിന് വളരെ മുൻപുതന്നെ ഒരു പ്രേക്ഷക എന്ന നിലയിൽ സ്‌മിത പാട്ടീൽ, ഉർവശിച്ചേച്ചി എന്നിവരൊക്കെ എനിക്ക് ഒരുപാട് പ്രചോദനമായിരുന്നു. അവരുടെയൊക്കെ അഭിനയം കാണുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവമാണ് ഉണ്ടാകുന്നത്.
ആ കഥയിലേക്ക് നമ്മൾ കയറിപ്പോകുന്ന ഒരനുഭവം അവർ തരും. ഇപ്പോൾ അഭിനയിച്ച് തുടങ്ങിയപ്പോഴാണ് ഇത് എത്രയധികം ബുദ്ധിമുട്ടാണെന്ന് മനസ്സിലാകുന്നത്. ‘ഉള്ളൊഴുക്ക്’ ഞാൻ കണ്ടിരുന്നു. വർഷങ്ങളായി എല്ലാപടത്തിലും നമ്മളെ ഞെട്ടിക്കുന്ന ഒരു ആർട്ടിസ്റ്റാണ് ഉർവശി ചേച്ചി. ചേച്ചി ചെയ്യുന്നതുപോലെ അഭിനയിക്കുക എന്നുപറയുന്നത് ഒട്ടും എളുപ്പമല്ല.
പക്ഷേ, കാണുമ്പോൾ ആ ബുദ്ധിമുട്ടൊന്നും നമ്മൾ അറിയുന്നില്ല. അത്രയ്ക്ക് ഈസി ആയിട്ടാണ് ചേച്ചി അഭിനയിക്കുന്നത്. ചേച്ചി അഭിനയിക്കുമ്പോൾ ആ കഥാപാത്രം കടന്നുപോകുന്ന മാനസികാവസ്ഥ നമുക്കും ഫീൽ ചെയ്യുന്നതായി തോന്നും. അങ്ങനെ പ്രേക്ഷകനെ തോന്നിക്കുക എന്നുള്ളത് ഒട്ടും എളുപ്പമുള്ള കാര്യമല്ല എന്ന് അഭിനയിച്ചുതുടങ്ങിയതിനുശേഷം ഞാൻ മനസ്സിലാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഉർവശിച്ചേച്ചിയൊക്കെ എന്റെ ഏറ്റവും വലിയ പ്രചോദനമാണ്.
എനിക്ക് എറ്റവും അടുപ്പമുള്ള ആൾക്കാരുമായി സമയം ചെലവഴിക്കുന്നതിനാണ് ഞാൻ എറ്റവുമധികം മുൻഗണന കൊടുക്കുന്നത്. ഞാൻ സിനിമ ചെയ്യുന്നത് വളരെ കുറവാണ്. അതുകൊണ്ടു തന്നെ അത്ര തിരക്കുള്ളതല്ല എൻ്റെ പ്രൊ ഫഷണൽ ജീവിതം. മറ്റ് ഇൻഡസ്ട്രികളിൽ ഒരു സിനിമ ചെയ്തുകൊണ്ടിരിക്കുമ്പോൾ നമുക്ക് മറ്റൊന്നിനും സമയം കിട്ടാറില്ല. എന്നാൽ ജോലി കഴിഞ്ഞാൽ എനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ എന്റെതായ സമയം എടുക്കാറുണ്ട്. പ്രൊ ഫഷണൽ ലൈഫും പേഴ്സണൽ ലൈഫും അത്രയും സ്നേഹത്തോടുകൂടിയാണ് ഞാൻ മുന്നോട്ട് കൊണ്ടുപോകുന്നത്.” എന്നാണ് സ്റ്റാർ ആന്റ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ ദർശന രാജേന്ദ്രൻ പറയുന്നത്.
ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിതനഗെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം ഇരുപത്തിയെട്ടാമത് ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രത്തിനുള്ള പുരസ്കാരമായ കിം ജിസെയോക്ക് (Kim Jiseok) അവാർഡ് കരസ്ഥമാക്കിയ ചിത്രം കൂടിയാണ് പാരഡൈസ്. ജൂൺ 28 -നാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ്.
കേശവ്, അമൃത എന്നീ മലയാളി ദമ്പതികൾ തങ്ങളുടെ വിവാഹവാർഷികം ആഘോഷിക്കാനും, രാമായണവുമായി ബന്ധപ്പെട്ട ലൊക്കേഷനുകൾ എക്സ്പ്ലോർ ചെയ്യുവാനുമായി ശ്രീലങ്കയിൽ എത്തുന്നതും, തുടർന്ന് രാജ്യത്തുണ്ടാവുന്ന സാമ്പത്തിക പ്രതിസന്ധിയും ആഭ്യന്തര കലാപവുമാണ് ചിത്രത്തിന്റെ പ്രമേയം. നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയ ചിത്രം കൂടിയാണ് പാരഡൈസ്.
ന്യൂട്ടൺ സിനിമ നിർമ്മിച്ച ചിത്രം തമിഴ് സംവിധായകൻ മണി രത്നത്തിന്റെ മദ്രാസ് ടാക്കീസിന്റെ ബാനറിലാണ് പുറത്തിറങ്ങുന്നത്. ഇംഗ്ലീഷ്,മലയാളം,തമിഴ്,ഹിന്ദി,സിംഹള എന്നീ ഭാഷകളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. രാജീവ് രവി ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ പ്രശസ്ത ശ്രീലങ്കൻ അഭിനേതാക്കളായ മഹേന്ദ്ര പെരേര,ശ്യാം ഫെർണാൻഡോ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.
മേഘരാമസ്വാമി സംവിധാനം ചെയ്ത ല ലാന്നാസ് സോങ്സ് (La lanna’s songs), വരുൺ ഗ്രൂവറിന്റെ ‘കിസ്സ്'(kiss), ഡോൺ പാലത്തറയുടെ ‘ഫാമിലി'(family) എന്നിവയാണ് ന്യൂട്ടൺ സിനിമയുടെ ബാനറിൽ പുറത്തിറങ്ങിയ മുൻചിത്രങ്ങൾ.കലാപരമായും ആഖ്യാനപരമായും മികച്ച സിനിമകൾ നിർമ്മിക്കുന്നതിൽ എന്നും മുൻപന്തിയിലാണ് ന്യൂട്ടൺ സിനിമ.