'എനിക്കില്ലാത്ത പേടി എന്തിനാണ് നിങ്ങള്‍ക്ക്' എന്ന് പൃഥ്വിരാജ് ചോദിച്ചു: ദീപക് ദേവ്

വിവാദത്തില്‍ മുങ്ങി നില്‍ക്കുകയാണെങ്കിലും ഗംഭീര കളക്ഷനാണ് ‘എമ്പുരാന്‍’ ബോക്‌സ് ഓഫീസില്‍ നിന്നും നേടുന്നത്. 48 മണിക്കൂറിനുള്ളിലാണ് ചിത്രം 100 കോടിയിലെത്തിയത്. നിലവില്‍ 200 കോടിയിലേക്ക് കുതിക്കുകയാണ് ചിത്രം. ഇതിനിടെ വിവാദങ്ങളെ തുടര്‍ന്ന് സിനിമ റീ എഡിറ്റ് ചെയ്യുകയാണ്. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന സീനും വില്ലന്റെ പേരുമടക്കം മാറ്റും.

ചിത്രത്തിന് സംഗീതം ഒരുക്കിയ വേളയില്‍ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് സംഗീതസംവിധായകന്‍ ദീപക് ദേവ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ലൂസിഫര്‍ സിനിമയുടെ സംഗീത സംവിധാനത്തില്‍ നിന്നും എമ്പുരാനിലേക്ക് എത്തുമ്പോഴുണ്ടാകുന്ന വെല്ലുവിളികളെ കുറിച്ചാണ് ദീപക് ദേവ് സംസാരിച്ചത്.

ലൂസിഫര്‍ വലിയ ചലഞ്ചിംഗ് ആയിരുന്നു. ലൂസിഫറിലെ പാട്ടുകള്‍ക്കും പശ്ചാത്തല സംഗീതത്തിലും വലിയ അഭിപ്രായങ്ങളുണ്ടായിരുന്നു. എമ്പുരാന്‍ വന്നപ്പോഴും തന്നെ കുറിച്ച് കണ്ടിരുന്നു. ഇതൊക്കെ ഞാന്‍ പൃഥ്വിരാജിന് അയച്ചു നല്‍കിയിരുന്നു. എനിക്ക് പകരം വേറെ ആരെയെങ്കിലും നോക്കുന്നോയെന്ന് ചോദിച്ചിരുന്നു.

എന്നാല്‍ ‘എനിക്കില്ലാത്ത പേടി എന്തിനാണ് ദീപക്കിന്’ എന്നാണ് പൃഥ്വിരാജ് അപ്പോള്‍ ചോദിച്ചത്. നിങ്ങള്‍ ലൂസിഫര്‍ ചെയ്ത ആളല്ലായിരുന്നോ? അതിന് മുമ്പും ഇതു തന്നെയാണ് ചെയ്തിരുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇരിക്കാതിരിക്കൂ. എമ്പുരാനില്‍ വേറെ തരം സംഗീതമാണ് തനിക്ക് വേണ്ടതെന്നും പൃഥ്വിരാജ് പറഞ്ഞു എന്നാണ് ദീപക് ദേവ് പറയുന്നത്.