‘ക്രോണിക് ബാച്ചിലർ’ എന്ന ചിത്രത്തിലൂടെ മികച്ച ഗാനങ്ങളുമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് സംഗീത സംവിധായകനാണ് ദീപക് ദേവ്. ശേഷം മലയാളികൾ എന്നും ഓർത്തിരിക്കുന്ന ഒരുപിടി മികച്ച ഗാനങ്ങളാണ് ദീപക് ദേവ് ഒരുക്കിയിരിക്കുന്നത്.
മോഹൻലാൽ നായകനായെത്തുന്ന പൃഥ്വിരാജ് ചിത്രം ‘എമ്പുരാനി’ലും ദീപക് ദേവാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഇപ്പോഴിതാ ആദ്യ ചിത്രമായ ക്രോണിക് ബാച്ചിലറിൽ ചെയ്ത ഒരു ഗാനം ആദ്യ ഘട്ടത്തിൽ ഒരു താരാട്ട് പാട്ടായി ചെയ്തതാണെന്നും പിന്നീട് സംവിധായകൻ സിദ്ദിഖ് ആണ് അതിന്റെ സ്പീഡ് കൂട്ടി മറ്റൊരു തലത്തിലേക്ക് ആ ഗാനത്തെ മാറ്റിയെടുത്തതെന്നും ദീപക് ദേവ് പറയുന്നു.
“അന്ന് സിദ്ദിഖ് സാർ എന്നോട് ചോദിച്ചു, ഉണ്ടാക്കിവെച്ച എന്തെങ്കിലും പാട്ട് കൈയിൽ ഉണ്ടോയെന്ന്. ഞാൻ പറഞ്ഞു ഒരു താരാട്ട് പാട്ടുണ്ടെന്ന്. അതൊന്ന് കേൾക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. എന്നെ ഒരുപാട് റിലാക്സ‌് ആകുന്നുണ്ടായിരുന്നു അദ്ദേഹം. ഇതൊന്നും വേറേ ആർക്കും കിട്ടാത്ത ഭാഗ്യമാണ്. സിദ്ദിഖ് സാർ ആയത് കൊണ്ട് മാത്രമാണ് അത് സംഭവിച്ചത്.
അദ്ദേഹം എന്നോട് താരാട്ട് പാട്ട് പാടാൻ പറഞ്ഞു. അപ്പോൾ ഞാൻ പിയാനോ വായിച്ചുകൊണ്ട് വളരെ മെല്ലെയൊരു പാട്ട് പാടി. അത് കേട്ടപ്പോൾ അദ്ദേഹം പറഞ്ഞു. താരാട്ട് രസമുണ്ട്, പക്ഷെ നമ്മുടെ പടത്തിൽ താരാട്ടിന് ഒരു സ്കോപ് ഇല്ലായെന്ന്.
ഇത് തന്നെ കുറച്ചുകൂടെ സ്‌പീഡ് കൂട്ടാൻ എന്നോട് പറഞ്ഞു. കുറച്ച് കൂട്ടിയപ്പോൾ അദ്ദേഹം വീണ്ടും കൂട്ടാൻ പറഞ്ഞു. അങ്ങനെ താരാട്ടിന്റെ സ്പീഡ് കൂടി കൂടി വേറേ ലെവലിലേക്ക് പോയി
Read more
അപ്പോൾ അദ്ദേഹം പറഞ്ഞു, ഇപ്പോൾ ഇത് താരാട്ടിൽ നിന്ന് മാറി നാലൊരു പ്രണയ ഗാനമായി. അതാണ് സ്വയംവര ചന്ദ്രികേ എന്ന പാട്ട്.”എന്നാണ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ ദീപക് ദേവ് പറഞ്ഞത്.