എനിക്കുള്ള സകല ദുഃശ്ശീലങ്ങളും കിട്ടിയത് സുഷിൻ ശ്യാമിന്റെ കയ്യിൽ നിന്ന്: ദീപക് ദേവ്

ക്രോണിക് ബാച്ചലർ എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച സംഗീത സംവിധായകനാണ് ദീപക് ദേവ്. പിന്നീട് ഉദയാണ് താരം, നരൻ, പുതിയ മുഖം, ദ്രോണ, ക്രിസ്റ്റ്യന് ബ്രദേഴ്സ്, ഉറുമി, ഹണി ബീ, ബൈസിക്കിൾ തീവ്സ്, സൺഡേ ഹോളിഡേ, ലൂസിഫർ തുടങ്ങീ മലയാളത്തിലെ ഹിറ്റ് സിനിമകളിലെല്ലാം ദീപക് ദേവിന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും ഉണ്ടായിട്ടുണ്ട്.

ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാനി’ലും ദീപക് ദേവാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഇപ്പോഴിതാ സുഷിൻ ശ്യാമിനെ കുറിച്ച് ദീപക് ദേവ് പരേയഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. താൻ എല്ലാ ദുഃശ്ശീലങ്ങളും പഠിച്ചത് സുഷിൻ ശ്യാമിൽ നിന്നാണെന്നാണ് ദീപക് ദേവ് പറയുന്നത്.

“എന്തൊക്കെ കുരുത്തക്കേട് ഞാൻ വിദ്യാസാഗറിന്റെ അടുത്ത് കളിച്ചിട്ടുണ്ടോ അതേ കുരുത്തക്കേടുകൾ എല്ലാം സുഷിൻ ശ്യാം എന്റെ കൂടെയും കളിച്ചിട്ടുണ്ട്. അപ്പൊ ഞാൻ പറഞ്ഞു കർമ്മ എന്ന് പറയുന്നത് ശരിയാണ്. നമ്മൾ കൊടുത്താൽ കിട്ടിയിരിക്കുമെന്ന്. ഞാൻ അദ്ദേഹത്തിന്റെ അടുത്ത് പോവുമ്പോൾ വളരെ ചെറിയ പ്രായമായിരുന്നു, അതുകൊണ്ട് തന്നെ ഞാൻ എവിടെയാണ് പോയിരിക്കുന്നത് എന്ന സീരിയസ്നെസ് എനിക്കുണ്ടായിരുന്നില്ല.

അദ്ദേഹം പക്ഷേ അത് വളരെ നന്നായിട്ട്, ഇവന്റെ പക്വതയില്ലായിമയാണ് വലുതാവുമ്പൊ ഇവൻ പഠിച്ചോളും എന്ന രീതിയിലാണ് എന്നെ ട്രീറ്റ് ചെയ്തത്. അതെല്ലാം തിരിച്ച് എനിക്ക് അദ്ദേഹത്തിന്റെ കണ്ണിലൂടെ കാണിച്ച് തന്നത് സുഷിൻ വന്നപ്പോഴാണ്.

വിദ്യാജി വർക്ക് ചെയ്തുകൊണ്ടിരിക്കുമ്പോൾ 9 മണിയാവുമ്പൊ ഞാൻ പോയിട്ട് പുള്ളിയുടെ മിക്സർ ഓഫ് ചെയ്യും, വാ വീട്ടിൽ പോവാം, ആന്റി വെയ്റ്റിങ്ങ് ആണ് എന്നൊക്കെ പറയും. പുള്ളി ഇറങ്ങിയാലേ ബാക്കി എല്ലാവർക്കും ഇറങ്ങാൻ പറ്റൂ, എല്ലാവരും ഈ കാര്യം ആലോചിച്ചിരിക്കുമ്പോ അത് ഞാനേറ്റു എന്ന് പറഞ്ഞ് പോവും. ഇപ്പോൾ ആലോചിക്കുമ്പോൾ അയ്യോ വിദ്യാസാഗറെ പോലെ ഒരാളുടെയടുത്താണെല്ലോ ഞാനത് ചെയ്തത് എന്ന് തോന്നും. അന്ന് പുള്ളിയത് വളരെ കോമഡിയായാണ് എടുത്തത്. ഇതുപോലെ തന്നെയായിരുന്നു സുഷിൻ ശ്യാം.

കുരുത്തക്കേട് മാത്രമേ ഒപ്പിച്ചിട്ടൊളളൂ. അവന്റെ അമ്മയാണ് എന്റെയടുത്തേക്ക് കൊണ്ടുവരുന്നത്. ബോർഡിങ് സ്കൂളിലേക്ക് പ്രിൻസിപ്പളിന്റെ അടുത്തേക്ക് വരുന്ന പോലെയായിരുന്നു. ഇവൻ മ്യൂസിക് മ്യൂസിക് എന്നും പറഞ്ഞ് നടക്കുവാണ്, തലശ്ശേരിയിൽ ഇതുകൊണ്ട് നടന്നിട്ട് ഒരു കാര്യവുമില്ല, ചെറിയ പയ്യനാണ്, ദുഃശീലങ്ങളൊന്നുമില്ല എന്ന് അവന്റെ അമ്മ പറഞ്ഞു, അപ്പൊ ഞാൻ പറഞ്ഞു ഒന്നും പേടിക്കേണ്ട എന്റടുത്തല്ലേ ഞാൻ ശരിയാക്കിയെടുത്തോളം എന്ന്.

എനിക്കുള്ള സകല ദുഃശ്ശീലങ്ങളും കിട്ടിയത് സുഷിന്റെ കയ്യിൽ നിന്നാണ്. ഇവനെ നന്നാക്കാനിരുന്ന എന്നെയും കൂടി അവൻ ചീത്തയാക്കി എന്നുള്ള അവസ്ഥയായിരുന്നു.” എന്നാണ് റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ ദീപക് ദേവ് പറഞ്ഞത്.