സിനിമ മാത്രമല്ല, ജീവിക്കാനും ജീവിതത്തിൽ പോരാടാനും എന്നെ അദ്ദേഹം പഠിപ്പിച്ചു; സെൽവരാഘവനെ കുറിച്ച് ധനുഷ്

തന്റെ ജ്യേഷ്ഠനായ സെൽവരാഘവൻ സംവിധാനം ചെയ്ത ‘പുതുപ്പേട്ടൈ’എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന്, ഇന്ന് നടനായും സംവിധായകനായും ഗായകനായും നിർമ്മാതാവായും തിളങ്ങിനിൽക്കുന്ന താരമാണ് ധനുഷ്.
താരത്തിന്റെ കരിയറിലെ അൻപതാം ചിത്രമായ ‘രായൻ’ റിലീസിനൊരുങ്ങുകയാണ്. പവർപാണ്ടി’ എന്ന ചിത്രത്തിന് ശേഷം ധനുഷ് തിരക്കഥയെഴുതി സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണ് രായൻ. സെൽവരാഘവനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഇപ്പോഴിതാ സെൽവരാഘവനെ കുറിച്ച് ധനുഷ് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ചേട്ടനെ സംവിധാനം ചെയ്യുമ്പോൾ സന്തോഷമാണ് തോന്നുന്നത് എന്നാണ് ധനുഷ് പറയുന്നത്. തന്നെ അഭിനേതാവാക്കിയതും ജീവിക്കാനും ജീവിതത്തിൽ പോരാടാനും പഠിപ്പിച്ചത് സെൽവരാഘവനാണെന്നും ധനുഷ് പറയുന്നു.

“എന്നെ അഭിനേതാവാക്കിയത് എൻ്റെ സഹോദരനും സംവിധായകനുമായ സെൽവരാഘവനാണ്. അദ്ദേഹമാണ് എൻ്റെ ഗുരു. സിനിമ മാത്രമല്ല, അദ്ദേഹമെന്നെ ക്രിക്കറ്റ് പഠിപ്പിച്ചു, ജീവിക്കാനും ജീവിതത്തിൽ പോരാടാനും എന്നെ പഠിപ്പിച്ചു. ഞാൻ അദ്ദേഹത്തിന്റെ പുതുപ്പേട്ടയിൽ അഭിനയിച്ചിരുന്നപ്പോൾ അദ്ദേഹമെന്നെ വഴക്കു പറഞ്ഞിരുന്നു, ചിലപ്പോഴൊക്കെ തല്ലിയിരുന്നു, ഭയങ്കരമായി ടോർച്ചർ ചെയ്തിരുന്നു. ഇപ്പോൾ ഞാൻ നിങ്ങളെ ഡയറക്ട് ചെയ്യുമ്പോൾ, ദേഷ്യപ്പെടുമ്പോൾ എനിക്ക് തോന്നുന്ന സന്തോഷം വലുതാണ്.

ഓരോരോ തവണയും നിങ്ങൾ വൺ മോർ, വൺ മോർ എന്നു പറയുമ്പോൾ മനസ്സിൽ വലിയ ആനന്ദമാണ്. മറ്റു ആർട്ടിസ്റ്റുകൾ ഒറ്റ ടേക്കിൽ ശരിയാക്കുമ്പോൾ സന്തോഷം തോന്നും. പക്ഷേ നിങ്ങൾ ശരിയാക്കുമ്പോൾ, ഒന്നൂകൂടി ടോർച്ചർ ചെയ്യാമായിരുന്നു എന്നാണ് തോന്നുക. കണ്ണു നാലു തവണ മിന്നണം, പുരികം ഒരു വശത്തു മാത്രം മുകളിലേക്ക് പൊക്കണം. ഇതുപോലെയിരിക്കണം, ഇതുപോലെ നടക്കണം.. സാർ തെരിയ്താ? ഇത് തമ്പി, അത് ആക്റ്റർ..” ധനുഷ് പറയുന്നു.

വയലൻസ് നിറഞ്ഞ ചിത്രമായതുകൊണ്ട് തന്നെ എ സെർട്ടിഫിക്കറ്റ് ആണ് രായന് നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. സൺ പിച്ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായിക.

ചിത്രത്തിൽ വില്ലനായിട്ടായിരിക്കും പ്രകാശ് രാജ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. കാളിദാസ് ജയറാമും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നിത്യാ മേനോൻ, അനിഖ സുരേന്ദ്രൻ,സന്ദീപ് കിഷൻ, എസ് ജെ സൂര്യ, സെൽവരാഘവൻ, വരലക്ഷ്മി ശരത്കുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. എ. ആർ റഹ്മാനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് റായൻ നിർമ്മിക്കുന്നത്. ഓം പ്രകാശ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ജി കെ പ്രസന്നയാണ്.