എനിക്ക് സഹിക്കാനായില്ല, കരഞ്ഞുപോയി.. വീട്ടിലെത്തിയപ്പോള്‍ ഞാന്‍ കാണുന്നത് ചെളിയില്‍ കുതിര്‍ന്നു കിടക്കുന്ന പുസ്തകങ്ങളാണ്: ധര്‍മ്മജന്‍

2018ലെ പ്രളയത്തില്‍ തനിക്ക് സംഭവിച്ച വലിയൊരു നഷ്ടത്തെ കുറിച്ച് പറഞ്ഞ് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. താന്‍ ആവര്‍ത്തിച്ച് വായിച്ചിരുന്ന തന്റെ ഒരുപാട് പുസ്തകങ്ങളാണ് നഷ്ടമായത് എന്നാണ് ധര്‍മ്മജന്‍ പറയുന്നത്. വെള്ളത്തിലും ചെളിയിലും കുതിര്‍ന്നു കിടക്കുന്ന പുസ്തകങ്ങള്‍ കണ്ടപ്പോള്‍ സഹിക്കാനായില്ല, കരഞ്ഞുപോയി എന്നാണ് വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ധര്‍മ്മജന്‍ പറയുന്നത്.

”കളിപ്പാട്ടങ്ങളോ കളര്‍പെന്‍സിലുകളോ ഒന്നുമില്ലാത്ത കുട്ടിക്കാലമായിരുന്നു ഞങ്ങളുടേത്. എങ്കിലും ഒന്നുമാത്രം സമൃദ്ധമായിരുന്നു. വായന അച്ഛന്‍ ധാരാളം പുസ്തകം വാങ്ങിത്തരും. പത്ത് നല്ല പുസ്തകം വായിച്ചാല്‍ പത്ത് വരിയെങ്കിലും എഴുതാന്‍ സാധിക്കുമെന്ന് അച്ഛന്‍ ഇടയ്ക്കിടെ പറയും. 2018ലെ പ്രളയത്തില്‍ എന്റെ വീടിന്റെ ആദ്യത്തെ നില വെള്ളത്തിനടിയിലായി.”

”രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഞാന്‍ വീട്ടില്‍ നിന്നിറങ്ങിയിരുന്നു. എല്ലാം ഒന്ന് ഒതുങ്ങി തിരികെ വീട്ടിലെത്തുമ്പോള്‍ കാണുന്നത് വെള്ളത്തിലും ചെളിയിലും കുതിര്‍ന്നു കിടക്കുന്ന പുസ്തകങ്ങളാണ് എനിക്ക് സഹിക്കാനായില്ല. കരഞ്ഞുപോയി. ഇഷ്ടത്തോടെ ഓടിപ്പോയി ആവര്‍ത്തിച്ചു വായിക്കുന്ന പുസ്തകങ്ങളുണ്ടായിരുന്നു ആ കൂട്ടത്തില്‍” എന്നാണ് ധര്‍മ്മജന്‍ പറയുന്നത്.

അതേസമയം, ബോള്‍ഗാട്ടിയിലാണ് ജനിച്ചു വളര്‍ന്നതെങ്കിലും കൊച്ചിയിലെ വരാപ്പുഴയിലാണ് ധര്‍മ്മജന്‍ ഇപ്പോള്‍ താമസിക്കുന്നത്. കോമഡി ഷോകളിലൂടെ പ്രിയങ്കരനായ ധര്‍മ്മജന്‍ പാപ്പി അപ്പച്ചാ എന്ന ദിലീപ് ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് എത്തുന്നത്. പൊറാട്ട് നാടകം എന്ന സിനിമയാണ് നടന്റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയത്.