ധര്‍മ്മജന്‍ മോശമായി പെരുമാറിയെന്ന് സാമ്പത്തിക തട്ടിപ്പ് കേസിലെ പരാതിക്കാരന്‍ ആസിഫ് . നഷ്ടങ്ങളെക്കുറിച്ച് നേരിട്ടെത്തി വിവരം ധരിപ്പിച്ചപ്പോള്‍, പോയി പണി നോക്കാനും കേസുകൊടുക്കാനും പറഞ്ഞു. തനിക്കെതിരെ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും ഭീഷണിപ്പെടുത്തി. മുന്നോട്ടു പോയാല്‍ എന്ത് ചെയ്യണമെന്ന് അറിയാമെന്ന് പറഞ്ഞെന്നും പരാതിയില്‍ പറയുന്നു.
അതേസമയം, താന്‍ ആരുടേയും അഞ്ചുപൈസ പോലും വെട്ടിച്ചിട്ടില്ലെന്നും പലരും പണം ഇങ്ങോട്ടാണ് തരാനുള്ളതെന്നും ധര്‍മ്മജന്‍ മാധ്യമങ്ങളോട് പറഞ്ഞു. പരാതിക്കാര്‍ തെളിവ് ഹാജരാക്കിയാല്‍ പലിശസഹിതം തിരിച്ചുനല്‍കാന്‍ തയ്യാറാണ്. വ്യാജ പരാതി നല്‍കിയ ആളെ കൂട്ടുകാര്‍ മനപ്പൂര്‍വം ചതിച്ചതാണെങ്കില്‍ അവര്‍ക്കെതിരെ കേസ് കൊടുക്കും.അദ്ദേഹം വ്യക്തമാക്കി.
Read more
കോതമംഗലത്ത് ബിസിനസ് ആരംഭിക്കാനാണ് ആസിഫ് ധര്‍മ്മൂസ് ഹബ്ബിനെ സമീപിച്ചത്. 2019 മേയ് 15ന് ടോക്കണ്‍ അഡ്വാന്‍സായി 10,000 രൂപ നല്‍കി. വീട്ടില്‍ വച്ചുള്ള കൂടിക്കാഴ്ചയില്‍ ധര്‍മ്മജന്റെ ഉറപ്പും ലഭിച്ചു. പിന്നീട് പലപ്പോഴായി 43,30,587 രൂപ ഇവര്‍ വാങ്ങിയെന്നാണ് പരാതി. ഹബ്ബിലേക്ക് 2020 മാര്‍ച്ചുവരെ മീന്‍ എത്തിച്ചിരുന്നു. ഏപ്രില്‍ മുതല്‍ വിതരണം നിറുത്തി. ഫ്രാഞ്ചൈസിയുടെ കരാര്‍ ഒപ്പിടാമെന്ന് പറഞ്ഞെങ്കിലും ചെയ്തില്ല. അമേരിക്കയിലെ പെട്രോലിങ്ക് കമ്പനിയില്‍ ഡാറ്റാ സയന്റിസ്റ്റായിരുന്ന ആസിഫ് 2018ലാണ് നാട്ടിലെത്തിയത്.