അന്ന് തട്ടിക്കൊണ്ട് വന്ന്‌ കല്യാണം കഴിക്കുകയായിരുന്നു, രണ്ടാമത് വിവാഹം ചെയ്യാന്‍ കാരണമുണ്ട്: ധര്‍മജന്‍

വിവാഹവാര്‍ഷിക ദിനത്തില്‍ മക്കളെ സാക്ഷിയാക്കി വീണ്ടും വിവാഹിതരായി നടന്‍ ധര്‍മജനും ഭാര്യയും. വിവാഹം ഇതുവരെ രജിസ്റ്റര്‍ ചെയ്യാതിരുന്നതു കൊണ്ടാണ് അതൊരു ചടങ്ങായി നടത്താന്‍ താരം തീരുമാനിച്ചത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട് തങ്ങളുടെ രണ്ടാം വിവാഹത്തെ കുറിച്ച് ധര്‍മജന്‍ അറിയിച്ചിരുന്നു. വിവാഹത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടന്‍ ഇപ്പോള്‍.

പതിനാറ് വര്‍ഷം മുമ്പ് ഒളിച്ചോടിയ ആളുകളാണ്. നാട്ടിലെ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം നടത്തിയത്. അന്ന് രജിസ്‌ട്രേഷനെ കുറിച്ച് വലിയ തോന്നല്‍ ഉണ്ടായിരുന്നില്ല. ഇപ്പോഴാണ് അങ്ങനെയൊരു തോന്നലുണ്ടായത്. കുട്ടികള്‍ ഒരാള്‍ പത്തിലും ഒരാള്‍ ഒമ്പതിലുമായി. അവരുടെ സാന്നിധ്യത്തില്‍ കല്യാണം കഴിച്ചുവെന്ന് മാത്രമല്ല രജിസ്റ്ററും ചെയ്തു.

വിവാഹം കഴിക്കുക, കല്യാണപ്പെണ്ണായി ഒരുങ്ങുക എന്നതൊക്കെ ഒരു പെണ്‍കുട്ടിയുടെ മോഹമാണ്. അന്നൊരു ചുരിദാറുമിട്ട്, വഴിയില്‍ വന്നു നിന്നപ്പോള്‍ അവിടെ നിന്നു തട്ടിക്കൊണ്ടുവന്ന് കല്യാണം കഴിക്കുകയായിരുന്നു. ഇന്ന് ആ സ്വപ്നം ചെറുതായി ഒന്ന് നടന്നു.

View this post on Instagram

A post shared by Manju Badusha (@manjubadhu)

രാവിലെ ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. ഭാര്യ വിവാഹിതയാകുന്നു, വരന്‍ ഞാന്‍ തന്നെ എന്നു പറഞ്ഞ്. കല്യാണം ആയിട്ട് എന്താടാ എന്നെ വിളിക്കാത്തതെന്ന് ചോദിച്ച് രാവിലെ വിളിച്ചത് സംവിധായകന്‍ ബോബന്‍ സാമുവല്‍ ആണ്.

Read more

പരാതികളുണ്ടാകും, പക്ഷേ ഇതൊരു പബ്ലിസിറ്റിക്ക് വേണ്ടി ചെയ്ത കാര്യമല്ല. പിഷാരടി എന്നെ വിളിച്ച് ചീത്ത പറഞ്ഞു, ‘നീ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലേ, ചത്തുപോയാല്‍ അവള്‍ക്ക് ഇന്‍ഷുറന്‍സ് പോലും കിട്ടില്ലെന്ന് പറഞ്ഞു. അതൊക്കെ ഇതില്‍ ബാധകമാണ്’ എന്നാണ് ധര്‍മജന്‍ പറയുന്നത്.