പൃഥ്വിരാജിന് 'എമ്പുരാൻ' ചെയ്യുമ്പോൾ ഒരു പ്രഷർ ഉണ്ടല്ലോ, 'ജനഗണ മന 2' ചെയ്യുമ്പോൾ ഞങ്ങൾക്കും ആ പ്രഷറുണ്ട്: ഡിജോ ജോസ് ആന്റണി

പൃഥ്വിരാജ് സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത് 2022-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘ജനഗണ മന’. കോർട്ട് റൂം ത്രില്ലർ ഴോണറിൽ പുറത്തിറങ്ങിയ ചിത്രത്തിന് വലിയ പ്രേക്ഷക പ്രതികരണങ്ങളായിരുന്നു ലഭിച്ചത്.

ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമെന്ന സൂചനകളിലാണ് ചിത്രം അവസാനിച്ചിരുന്നത്. ഇപ്പോഴിതാ ‘ജനഗണ മന 2’ നെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ഡിജോ ജോസ് ആന്റണി. ആദ്യ ഭാഗം മികച്ചതായതുകൊണ്ട് തന്നെ അതിന്റെ രണ്ടാം ഭാഗമൊരുക്കുമ്പോഴുള്ള സമർദ്ധം തീർച്ചയായും ഉണ്ടെന്നാണ് ഡിജോ പറയുന്നത്.

“രാജുവും ഞാനും തമ്മിൽ ഇടയ്ക്ക് സംസാരിക്കുമ്പോൾ അത് പറയും. പൃഥ്വിരാജ് ലൂസിഫറിന് ശേഷം എമ്പുരാൻ ചെയ്യുമ്പോൾ ഒരു പ്രഷർ ഉണ്ടല്ലോ, അത് ജനഗണ മന 2 ൽ ഞങ്ങൾക്കുമുണ്ട്. സിനിമയുടെ തിരക്കഥ എഴുതുമ്പോൾ പോലും പ്രഷർ ഉണ്ട്. എന്നാൽ അത് വേണമെന്നാണ് എനിക്ക് തോന്നുന്നത്. ആ പ്രഷർ ഉള്ളപ്പോഴാണ് നല്ല സിനിമയുണ്ടാക്കാൻ കഴിയുന്നത് എന്നാണ് ഞാൻ കരുതുന്നത്.” എന്നാണ് ഡിജോ ജോസ് ആന്റണി പറയുന്നത്.

അതേസമയം നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളക്കി ഒരുക്കുന്ന ‘മലയാളി ഫ്രം ഇന്ത്യ’ എന്ന ചിത്രമാണ് ഡിജോയുടെ ഏറ്റവും പുതിയ ചിത്രം. കോമഡി- എന്റർടൈനറായാണ് ചിത്രമൊരുങ്ങുന്നത്. അജു വര്‍ഗീസ്, മഞ്ജു പിള്ള എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

ഗരുഡന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റിഫന്‍ നിര്‍മിക്കുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ജനഗണമനയുടെ തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് ആണ്. ഛായാഗ്രഹണം സുദീപ് ഇളമണ്‍.

Read more