അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം; മുകുന്ദനുണ്ണി അസോസിയേറ്റ്‌സിനെ കുറിച്ചുള്ള ഇടവേള ബാബുവിന്റെ പ്രതികരണത്തെ കുറിച്ച് ദിലീഷ് പോത്തന്‍

മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്‌സിനെക്കുറിച്ചുള്ള ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ദിലീഷ് പോത്തന്‍. ഓരോരുത്തരും ഓരോ തരത്തിലാണ് സിനിമയെ കാണുന്നതെന്നും ഇടവേള ബാബുവിന്റെ അഭിപ്രായം അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണെന്നും ദിലീഷ് പറഞ്ഞു. തങ്കം സിനിമയുടെ പ്രസ്സ് മീറ്റില്‍ വെച്ചായിരുന്നു ദിലീപിന്റെ പ്രതികരണം.

‘ഓരോരുത്തരും ഓരോ തരത്തിലാണ് സിനിമയെ കണക്കാക്കുന്നത് വളരെ വ്യക്തിപരമായ അഭിപ്രായമായിരിക്കും ഓരോരുത്തര്‍ക്കും ഇതേക്കുറിച്ചുള്ളത്, അത് നല്ലതോ ചീത്തയോ എങ്ങനെയാണെങ്കിലും സ്വീകരിക്കേണ്ടത് ഓരോ വ്യക്തിയുടെയും സ്വതന്ത്ര്യമാണ്. ഞാനൊരു സിനിമ ചെയ്യുമ്പോള്‍ ഇങ്ങനെ തന്നെ എന്റെ സിനിമയെ എല്ലാവരും കാണണം,

എനിക്ക് ഇഷ്ട്ടപെട്ട രീതിയില്‍ തന്നെ ഇതിനോട് പ്രതികരിക്കണം എന്ന് ഒരു ഫിലിം മേക്കര്‍ വാശി പിടിക്കുന്നതില്‍ കാര്യമില്ല. സിനിമ കണ്ടിട്ട് ഓരോരുത്തര്‍ക്കും അവരവരുടെ അഭിപ്രായങ്ങള്‍ തുറന്ന് പറയാം. അവരെ അത് എങ്ങനെ സ്വാധീനിച്ചു എന്നുള്ളത് വളരെ വ്യക്തിപരമാണ്. ബാബു ചേട്ടന് അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്’, ദിലീഷ് പറഞ്ഞു.

മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ എന്ന സിനിമ മുഴുവനും നെഗറ്റീവാണെന്നും ഇതിന് എങ്ങനെ സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്ന് അറിയില്ലെന്നും നടനും അമ്മ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബു പറഞ്ഞിരുന്നു.

സിനിമയും എഴുത്തും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയിലായിരുന്നു ഇടവേള ബാബുവിന്റെ വിമര്‍ശനം. പരാമര്‍ശനത്തിന് പിന്നാലെ ഇടവേള ബാബുവിനെതിരെ സോഷ്യല്‍മീഡിയയില്‍ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു.