കാണുമ്പോഴൊക്കെ മമ്മൂക്ക ചോദിക്കും, 'വല്ലതും നടക്കുമോയെന്ന്': ദിലീഷ് പോത്തൻ

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നാണ് ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ‘മഹേഷിന്റെ പ്രതികാരം.’ അതിന് ശേഷം തൊണ്ടിമുതലും ദൃക്സാക്ഷിയും, ജോജി എന്നീ രണ്ട് സിനിമകൾ മാത്രമാണ് ദിലീഷ് പോത്തൻ സംവിധാനം ചെയ്തത്.

അതുകൊണ്ട് തന്നെ ദിലീഷ് പോത്തന്റെ അടുത്ത ചിത്രത്തിനായി സിനിമാപ്രേക്ഷകർ ഒന്നടങ്കം കാത്തിരിപ്പിലാണ്. കൂടാതെ മമ്മൂട്ടിയെ നായകനാക്കി ദിലീഷ് പോത്തൻ സിനിമ ചെയ്യുന്നു എന്ന തരത്തിലും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇപ്പോഴിതാ മമ്മൂട്ടിയുമായുള്ള ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ദിലീഷ് പോത്തൻ. മമ്മൂട്ടിയോടൊത്ത് അഭിനയിക്കുന്ന സമയത്തൊക്കെ തന്നോട് വല്ലതും നടക്കുമോയെന്ന് മമ്മൂട്ടി ചോദിക്കാറുണ്ടെന്നാണ് ദിലീഷ് പോത്തൻ പറയുന്നത്.

“കഴിഞ്ഞപടം ഞാൻ മമ്മൂക്കയോടൊപ്പം ചെയ്‌ത സമയത്ത് സെറ്റിൽ നിന്ന് കാണുന്ന സമയത്തൊക്കെ മമ്മൂക്ക എന്നോട് ചോദിക്കും, വല്ലതും നടക്കുമോയെന്ന്. ഞാൻ ആലോചിക്കുന്നുണ്ടെന്ന് പറയുമ്പോൾ മമ്മൂക്ക പറയും, അങ്ങനെ ആലോചിച്ചാൽ ഒന്നും നടക്കില്ല ഇരുന്ന് ആലോചിക്കണമെന്ന്.

അങ്ങനെ സപ്പോർട്ടീവാണ് അവരൊക്കെ. നല്ലൊരു പരിപാടി വന്ന് വീഴാത്തത് കൊണ്ടാണ്. എക്സൈറ്റിങ് ആയിരിക്കണമല്ലോ സിനിമ. അവരെയും എക്സൈറ്റിങ് ആക്കുന്ന ഒരു വലിയ വേഷം വേണമല്ലോ. എത്രയോ കഥാപാത്രങ്ങൾ ചെയ്‌തിട്ടുള്ള നടന്മാരാണ്. അവരെ അങ്ങനെ തോന്നിപ്പിക്കുകയെന്നത് എളുപ്പമല്ലല്ലോ.” എന്നാണ് സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ ദിലീഷ് പോത്തൻ പറഞ്ഞത്.

Read more