ഏറെ ജനപ്രീതി നേടിയ മലയാള ചിത്രങ്ങളില്‍ ഒന്നാണ് വിനീത് ശ്രീനിവാസന്‍-നിവിന്‍ പോളി കൂട്ടുക്കെട്ടില്‍ പിറന്ന ‘തട്ടത്തിന്‍ മറയത്ത്’. തലശ്ശേരിയുടെ പശ്ചാത്തലത്തില്‍, രണ്ട് വ്യത്യസ്ത മതങ്ങളില്‍പ്പെട്ടവരുടെ പ്രണയം പ്രമേയമായി അവതരിപ്പിച്ച ചിത്രം നിവിന്‍ പോളി എന്ന നടന്റെ താരമൂല്യം ഉയര്‍ത്തുന്നതിലും വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്.
ചിത്രത്തില്‍ ആയിഷ എന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ഇഷ തല്‍വാര്‍. പരസ്യത്തില്‍ അഭിനയിക്കാന്‍ എത്തിയ ഇഷ, ആയിഷയായി എത്തിയതിന് പിന്നിലെ കഥയാണ് ചിത്രത്തിന്റെ കാസ്റ്റിംഗ് ഡയറക്ടറും അഭിനേതാവുമായ ദിനേഷ് പ്രഭാകര്‍ പങ്കുവയ്ക്കുന്നത്.
ഇഷ തല്‍വാറിനെ ആദ്യമായി മലയാളത്തിലേക്ക് കൊണ്ടുവന്നത് താനായിരുന്നു. ധാത്രിയുടെ പരസ്യത്തില്‍ അഭിനയിക്കാനാണ് ബോംബെയില്‍ നിന്നും ഇഷയെ കൊണ്ടുവന്നത്. ആ സമയത്താണ് വിനീത് പറയുന്നത് പുതിയ സിനിമയിലേക്ക് ഒരു നായികയെ വേണം, പരസ്യങ്ങളിലൊക്കെ അഭിനയിച്ച ഏതെങ്കിലും കുട്ടിയുണ്ടോ എന്ന് ചോദിക്കുന്നത്.
തന്റെ പരസ്യത്തിന്റെ ക്യാമറാമാനാണ്, നമ്മള്‍ അന്ന് കൊണ്ടുവന്ന കുട്ടിയില്ലേ എന്ന് ചോദിക്കുന്നത്. അങ്ങനെയാണ് ഇഷയെ കോണ്‍ടാക്ട് ചെയ്യുന്നതും നടി തട്ടത്തിന്‍ മറയത്തിന്റെ ഓഡീഷനെത്തുന്നതും എന്നുമാണ് ദിനേഷ് ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
2012ല്‍ ആണ് തട്ടത്തിന്‍ മറയത്ത് റിലീസ് ചെയ്തത്. അജു വര്‍ഗീസ്, മനോജ് കെ. ജയന്‍, ശ്രീനിവാസന്‍, ഭഗത് മാനുവല്‍, ശ്രിന്ദ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി. വിനീത് ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയത്.