ബാബുരാജിന്റെ ഗാനങ്ങള്‍ നിയമപരമായി സ്വന്തമാക്കിയതെന്ന് സംവിധായകന്‍ ആഷിഖ് അബു. ‘നീലവെളിച്ചം’ സിനിമയില്‍ ഗാനങ്ങള്‍ ഉപയോഗിക്കുന്നതിന് എതിരെ ബാബുരാജിന്റെ മകന്‍ എം.എസ് ജബ്ബാര്‍ നോട്ടീസ് നല്‍കിയിരുന്നു. ബാബുരാജിന്റെ സംഗീതത്തിലെ സ്വാഭാവികതയും മാസ്മരികതയും റീമിക്‌സ് ഗാനങ്ങള്‍ നശിപ്പിച്ചു എന്നായിരുന്നു ആരോപണം.
ഗാനങ്ങളുടെ പകര്‍പ്പാവകാശം ഉള്ളവര്‍ക്ക് പ്രതിഫലം നല്‍കി കരാറാക്കിയാണ് നീലവെളിച്ചം സിനിമയില്‍ ഉപയോഗിച്ചത്. ബാബുരാജിന്റെ മൂത്ത മകള്‍ സാബിറയെ ഇക്കാര്യം അറിയിച്ച് അവരുടെ സ്‌നേഹാശംസകള്‍ ലഭിച്ച ശേഷമാണ് ഈ ഗാനങ്ങള്‍ സിനിമയില്‍ ഉപയോഗിച്ചിടുള്ളത് എന്നും ആഷിഖ് അബു വ്യക്തമാക്കി.
ഒപിഎം സിനിമാസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ്:
1964 ല്‍ പുറത്തിറങ്ങിയ ഭാര്‍ഗവീനിലയം’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ പുതിയ ഗായകരെ ഉപയോഗിച്ചോ അല്ലാതെയോ, പുതിയ ഓര്‍ക്കസ്‌ട്രേഷനോടു കൂടി പുനര്‍നിര്‍മ്മിച്ച് ഉപയോഗിക്കാനുള്ള അനുമതിയും അവകാശവും ഗാനരചയിതാവായ പി ഭാസ്‌കരനില്‍ നിന്നും, സംഗീതസംവിധായകനായ എം എസ് ബാബുരാജിന്റെ പിന്തുടര്‍ച്ചക്കാരില്‍ നിന്നും നീതിയുക്തമായ രീതിയില്‍ ഈ ഗാനങ്ങളുടെ മുന്‍ ഉടമസ്ഥാവകാശമുണ്ടായിരുന്ന നിര്‍മ്മാണ കമ്പനി സ്വന്തമാക്കിയിരുന്നു.
ഈ അവകാശക്കൈമാറ്റ തുടര്‍ച്ചയുടെ ഭാഗമായി നിയമപരമായ എല്ലാ പ്രക്രിയകളും പിന്തുടര്‍ന്ന്, ആ ഗാനങ്ങളുടെ നിലവിലെ ഉടമസ്ഥര്‍ ആവശ്യപ്പെട്ട പ്രതിഫലം നല്‍കി, കരാറൊപ്പ് വച്ചിട്ടാണ് പ്രസ്തുത ഗാനങ്ങള്‍ പുനര്‍നിര്‍മ്മിച്ച് ഉപയോഗിക്കാനുള്ള അവകാശം നീലവെളിച്ചത്തിന്റെ നിര്‍മ്മാതാക്കളായ ഒപിഎം സിനിമാസ് കരസ്ഥമാക്കിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട രേഖകളും, ഇതിലേക്ക് നയിച്ച മുന്‍ കരാര്‍ രേഖകളും ഞങ്ങളുടെ കൈവശമുണ്ട്.
(സ്വകാര്യത കണക്കിലെടുത്ത്, ഈ നിയമവ്യവഹാരങ്ങളില്‍ ഭാഗമായ വ്യക്തികളുടെ പേരു വിവരങ്ങള്‍ ഇവിടെ പരാമര്‍ശിക്കുന്നില്ല.) നിയമത്തിനപ്പുറം, ഈ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ അനശ്വര സംഗീതജ്ഞന്‍ എം എസ് ബാബുരാജിന്റെ കുടുംബത്തെ ഈ ഗാനങ്ങള്‍ പുനര്‍നിര്‍മ്മിച്ച് ‘നീലവെളിച്ചം’ സിനിമയില്‍ ഉപയോഗിക്കുന്ന വിവരം അറിയിക്കുക എന്നതാണ് മര്യാദ എന്നതിനാല്‍, അദ്ദേഹത്തിന്റെ മൂത്ത മകള്‍ സാബിറയെ ഇക്കാര്യം അറിയിച്ച് അവരുടെ സ്‌നേഹാശംസകള്‍ ലഭിച്ച ശേഷമാണ് ഈ ഗാനങ്ങള്‍ സിനിമയില്‍ ഉപയോഗിച്ചിടുള്ളത്.
ഈ സാഹചര്യത്തില്‍, നിലവിലുണ്ടായിരിക്കുന്ന വിവാദം, തെറ്റിദ്ധാരണമൂലമുണ്ടായ ആശയക്കുഴപ്പം കൊണ്ടാണെന്ന് ഞങ്ങള്‍ അനുമാനിക്കുന്നു. ഇത് രമ്യമായി പരിഹരിക്കാനായി എം. എസ് ബാബുരാജിന്റെ കുടുംബാംഗങ്ങളുമായി ഞങ്ങള്‍ നിരന്തര സമ്പര്‍ക്കങ്ങളിലാണ്. ഈ വിവരങ്ങള്‍ അഭ്യുദയകാംക്ഷികളുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്തുന്നു.