നാണം ഉണ്ടോ മോഹന്‍ലാലിന് അങ്ങനെ പറയാന്‍? ഇവിടെ മൗനം പാലിച്ചവര്‍ക്കും മൊഴി മാറ്റിയവര്‍ക്കും ലാഭമേ ഉണ്ടായിട്ടുള്ളൂ: ബൈജു കൊട്ടാരക്കര

താരസംഘടനയായ ‘അമ്മ’യിലേക്ക് ചെന്നില്ലെങ്കില്‍ മൂക്ക് ചെത്തിക്കളയുമോ എന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറുകയും മൊഴി മാറ്റുകയും ചെയ്തവര്‍ക്കെതിരെയും മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങളെയും രൂക്ഷമായി വിമര്‍ശിച്ചാണ് സംവിധായകന്‍ എത്തിയിരിക്കുന്നത്.

നടിക്കൊപ്പം നിന്നതിന്റെ അമ്മ ചില നടിമാരെ പുറത്താക്കി. ആവശ്യമുള്ളവര്‍ ഇങ്ങോട്ട് വരട്ടെ എന്ന് പറഞ്ഞ മോഹന്‍ലാലിന് നാണമുണ്ടോ എന്നാണ് റിപ്പോര്‍ട്ടര്‍ ടിവിയോട് ബൈജു കൊട്ടാരക്കര പ്രതികരിച്ചത്. നടി ആക്രമിക്കപ്പെട്ട കേസില്‍ മൗനം പാലിച്ചവര്‍ക്കും മൊഴി മാറ്റിയവര്‍ക്കും ലാഭമേ ഉണ്ടായിട്ടുള്ളൂവെന്നും സംവിധായകന്‍ പറയുന്നു.

ബൈജു കൊട്ടാരക്കരയുടെ വാക്കുകള്‍:

നടിക്കൊപ്പം നിന്നതിന്റെ പേരിലാണ് അന്ന് എ.എം.എ.എ എന്ന സംഘടന ചില നടിമാരെ പുറത്താക്കിയത്. ഈയിടയ്ക്ക് മോഹന്‍ലാല്‍ പറഞ്ഞത് എന്താണ്, ആവശ്യമുള്ളവര്‍ ഇങ്ങോട്ട് വരട്ടെയെന്ന്. നാണമുണ്ടോ മോഹന്‍ലാലിന് അങ്ങനെ പറയാന്‍. ആവശ്യമുള്ളവര്‍ ഇങ്ങോട്ട് വരട്ടെ എന്നാണ് പറയുന്നത്. എങ്ങോട്ട് അമ്മയിലോട്ട്. അമ്മ എന്ന് ഞാന്‍ പറയില്ല. എ.എം.എ.എ എന്നേ പറയുകയുള്ളൂ.

ആ സംഘടനയിലേക്ക് ചെന്നില്ലെങ്കില്‍ ഇവര്‍ മൂക്ക് ചെത്തിക്കളയുമോ? അവരൊന്നും വേറെ സിനിമയില്‍ അഭിനയിക്കില്ലേ? കാലമൊക്കെ മാറിപ്പോയി. മോഹന്‍ലാലിനൊന്നും അറിയാന്‍ വയ്യാഞ്ഞിട്ടാണ്. സിനിമ തന്നെ മാറിപ്പോയി. സിനിമ എന്ന ലോകം മാറിപ്പോയി. ഇപ്പോഴും പഴംപുരാണം പറഞ്ഞ് എ.എം.എം.എയുടെ കാലും പിടിച്ച് ഇരുന്നാല്‍ അവസാനം ഗതി അധോഗതിയായിരിക്കുമെന്ന ഒരു മുന്നറിയിപ്പുകൂടിയാണ് ഇത്.

ഈ കേസോടു കൂടിയെങ്കിലും ഈ സംഘടനയിലുള്ള പൊള്ളത്തരങ്ങളും ഈ സൂപ്പര്‍സ്റ്റാര്‍, സ്റ്റാര്‍ എന്നൊക്കെ പറഞ്ഞ് നടക്കുന്ന ഇവരുടെ ഉള്ളില്‍ എന്താണെന്നും ഇവര്‍ എങ്ങനെയാണ് നില്‍ക്കുന്നത് എന്നുള്ളതിന്റെ പച്ചയായ വിവരണം കേരളത്തിലെ ആളുകള്‍ക്ക് കിട്ടും. അത് കിട്ടണമെന്നാണ് ഞാന്‍ പറയുന്നത്. അഭിനയം നല്ലൊരു തൊഴിലാണ്, കലയാണ്. കഴിവുള്ളവരാണ്.

ഇതൊക്കെ ശരിയാണ്. പക്ഷേ ഇതിലെല്ലാത്തിലും ഉപരി ഒരു കാര്യം കൂടിയുണ്ട്. മനസ് നന്നായിരിക്കണം. സത്യസന്ധമായ കാര്യങ്ങള്‍ തുറന്നു പറയാനുള്ള ആര്‍ജ്ജവം കൂടി കാണിക്കണം. ഇത് കാണിക്കാതെ കള്ളത്തരങ്ങള്‍ മാത്രം പറയുക, മൗനം പാലിച്ചു കൊണ്ടിരിക്കുക, സ്വാധീനത്തില്‍ വീഴുക, അല്ലെന്നുണ്ടെങ്കില്‍ അതിന് വേണ്ടി പ്രവര്‍ത്തിക്കുക.

ഇതൊക്കെ ചെയ്തുകൊണ്ടിരുന്നാല്‍ ഇവരെ എങ്ങനെയാണ് കലാകാരന്മാര്‍ എന്നു വിളിക്കുന്നത്. ഇതിനകത്ത് മൗനം ഭഞ്ജിച്ചവര്‍ക്കും പിന്തുണച്ചവര്‍ക്കും മൊഴി മാറ്റിയവര്‍ക്കുമൊക്കെ ലാഭമേ ഉണ്ടായിട്ടുള്ളൂ. നഷ്ടമുണ്ടായിട്ടില്ല. ആ ലാഭം ഉണ്ടായിട്ടുള്ള ആളുകള്‍ക്ക് അത് അനുഭവിക്കാനുള്ള യോഗ്യത പോലും ഇല്ല എന്നാണ് എനിക്ക് പറയാനുള്ളത്.