പൃഥ്വിരാജ് സിനിമകള്‍ക്ക് തിയേറ്റര്‍ വിലക്ക് ഏര്‍പ്പെടുത്തിയേക്കും എന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് സംവിധായകന്‍ ഡോമിന്‍ ഡി. സില്‍വ. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന ഫിയോക്കിന്റെ അടിയന്തര യോഗത്തിനിടെയാണ് പൃഥ്വിരാജിനും ആന്റണി പെരുമ്പാവൂരിനും വിലക്ക് ഏര്‍പ്പെടുത്തണമെന്ന് തിയേറ്ററുടമകള്‍ ആവശ്യപ്പെട്ടത്.
പൃഥ്വിരാജ് ചിത്രങ്ങള്‍ നിരന്തരം ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നതു കൊണ്ടാണ് താരത്തിന് വിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തിന് കാരണം. കോള്‍ഡ് കേസ്, കുരുതി, ഭ്രമം എന്നീ സിനികള്‍ ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്തത്. താരം സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി സിനിമയും ഒ.ടി.ടിയിലാണ് റിലീസ് ചെയ്യുക. ഒരു നടനെ എങ്ങനെയാണ് വിലക്കാന്‍ കഴിയുക എന്നാണ് ഡോമിന്‍ ചോദിക്കുന്നത്.
ഡോമിന്‍ ഡി. സില്‍വയുടെ കുറിപ്പ്:
ഒരു നടനെ എങ്ങിനെ ആണ് വിലക്കാന്‍ കഴിയുക? ആര്‍ക്കും ഒരു നടനെയോ, നടന്റെ ചിത്രങ്ങളെയോ വിലക്കാന്‍ കഴിയില്ല. തിയേറ്ററുകളില്‍ സിനിമ എന്ന കലാരൂപം ആസ്വദിക്കുന്നവരാണ് നാമോരോരുത്തരും എന്നതില്‍ സംശയമില്ല. തിയേറ്ററിലെ ഇരുട്ടില്‍ ഒരുകൂട്ടം സിനിമ പ്രേമികളുടെ കൂടെ സിനിമ ആസ്വദിക്കുന്നതിന്റെ അത്രയും വരില്ലെങ്കിലും.
അത് പോലെ തന്നെ ലോകത്തെവിടെ ഇരുന്നും നാം ഓരോരുത്തരുടെയും സൗകര്യത്തിനനുസരിച്ചു സിനിമകള്‍ കാണാന്‍ പറ്റിയ പ്ലാറ്റഫോമുകളിലേയ്ക്ക് അതനുസരിച്ചുള്ള സിനിമകള്‍ വരുന്നതും നല്ല കാര്യമായിട്ട് തന്നെയാണ് തോന്നുന്നത്. ഇരുമേഖലകളും മുന്നോട്ട് വളരുകതന്നെ ചെയ്യും എന്നതില്‍ തര്‍ക്കമില്ല.