മികച്ച അഭിപ്രായം നേടി മുന്നേറുന്ന പാര്‍വതി ചിത്രം “ഉയരെ”യെ പ്രശംസിച്ച് പ്രമുഖ സംവിധായകന്‍ ഫാസില്‍. ഉയരെ മലയാള സിനിമയിലെ ഏറ്റവും മഹത്തായ ശ്രമമാണെന്ന് ഫാസില്‍ പറഞ്ഞു. സിനിമാരംഗത്ത് നിന്നും പുറമേ നിന്നും കണ്ടവരെല്ലാം വാനോളം പുകഴ്ത്തിയ ചിത്രത്തിന് ലഭിച്ച പുതിയ അംഗീകാരമാണ് ഫാസിലിന്റെ വാക്കുകള്‍. ദുരന്തങ്ങളെ തച്ചുടച്ച് സ്വപ്നങ്ങളെ പാറിപ്പറന്ന് കൈകക്കുമ്പിളിലൊതുക്കിയ നായിക കഥാപാത്രം അവതരിപ്പിച്ച പാര്‍വ്വതി തിരുവോത്തിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്.
ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥ പറഞ്ഞ ഉയരെ രാജേഷ് പിള്ളയുടെ ശിഷ്യനായ മനു അശോകനാണ് സംവിധാനം ചെയ്തത്. നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ബോബി-സഞ്ജയ് ടീമിന്റെ കരിയറിലെ വ്യത്യസ്ത കഥാഖ്യാനമാണ് ഉയരെ.
എസ്‌ക്യൂബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി വി ഗംഗാധരന്റെ മക്കളായ ഷേനുഗ, ഷേഗ്‌ന, ഷേര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മുകേഷ് മുരളീധരന്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് മഹേഷ് നാരായണനും സംഗീതം ഗോപി സുന്ദറും നിര്‍വഹിച്ചിരിക്കുന്നു.