വേണുചേട്ടനോട് കഥ പറയാന്‍ ഫോണ്‍ നമ്പര്‍ കിട്ടിയപ്പോള്‍ ആകെയൊരു ചമ്മലായിരുന്നു, എങ്കിലും വന്ന് പുഴുവിലെ മോഹനേട്ടനായി: സംവിധായകന്‍ ഹര്‍ഷാദ്

അന്തരിച്ച മഹാനടന്‍ നെടുമുടി വേണുവിന് ഒപ്പമുള്ള അഭിനയ മുഹൂര്‍ത്തങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവച്ച് സംവിധായകന്‍ ഹര്‍ഷാദ്. മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ഒന്നിക്കുന്ന ‘പുഴു’ ആണ് നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രങ്ങളിലൊന്ന്. നിസാരമായ വേഷമാണെങ്കിലും താരം അഭിനയിക്കാന്‍ എത്തിയതിനെ കുറിച്ചാണ് ചിത്രത്തിന്റെ തിരക്കാഥകൃത്ത് ആയ ഹര്‍ഷാദ് പങ്കുവെച്ചിരിക്കുന്നത്.

ഹര്‍ഷാദിന്റെ കുറിപ്പ്:

പുഴുവിന് വേണ്ടി വേണു ചേട്ടനോട് കഥ പറയാനായി ഫോണ്‍ നമ്പര്‍ കിട്ടിയപ്പോള്‍ ആകെയൊരു ചമ്മലായിരുന്നു. കഥയിലെ നിര്‍ണായക വേഷമാണെങ്കിലും ഉടനീളം ഇല്ലാത്തൊരു വേഷമാണല്ലോ, എങ്ങിനെയാ അത് പറയേണ്ടത് എന്നൊരു ആശങ്ക. പക്ഷേ ഒരിക്കലെങ്കിലും ആ മഹാനടനോടൊപ്പം വര്‍ക്ക് ചെയ്യണമെന്നത് എക്കാലത്തെയും ആഗ്രഹമായിരുന്നു.

മടിയോടെയാണെങ്കിലും വിളിച്ചു. കഥയും കഥാപാത്രവും സിനിമയിലെ ആ വേഷത്തിന്റെ പ്രാധാന്യവും പറഞ്ഞു. വേണു ചേട്ടനെ സംബന്ധിച്ചേടത്തോളം വളരെ നിസാരമായ വേഷം! വിശദമായ സംസാരത്തിനു ശേഷം അദ്ദേഹം പറഞ്ഞ ഒരു കാര്യമാണ് മനസ്സില്‍ തട്ടിയത്.

”അല്ല മോനേ ഞാനിത്രയും വിശദമായി ചോദിച്ചത് ഞാനെന്തെങ്കിലും മാനറിസങ്ങള്‍ പിടിക്കണോ എന്നറിയാനായിരുന്നു. ഓക്കേ ബാക്കി നേരിട്ട് കാണാം”. വേണു ചേട്ടന്‍ വന്നു. പുഴുവിലെ മോഹനേട്ടനായി കുറച്ച് ദിവസം ഞങ്ങളോടൊപ്പം ചിലവഴിച്ചു. സന്തോഷത്തോടെ തിരിച്ച് പോയി. ആ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമത്തോടെ…

Read more