‘ഈശോ’ സിനിമ വിഷയവുമായി ബന്ധപ്പെട്ട് ഫാദര്‍ ജെയിംസ് പനവേലില്‍ നടത്തിയ പ്രസംഗം പങ്കുവച്ച തനിക്കെതിരെ സൈബര്‍ ആക്രമണമില്ലെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. താന്‍ പങ്കുവച്ച പോസ്റ്റിന് താഴെ എത്തിയ വിമര്‍ശനങ്ങള്‍ സൈബര്‍ ആക്രണമായി കാണുന്നില്ലെന്ന് ജീത്തു ജോസഫ് മനോരമ ന്യൂസ്‌ഡോട്ട്‌കോമിനോട് പ്രതികരിച്ചു.
ഫാദര്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെന്ന് തോന്നിയതു കൊണ്ടാണ് വീഡിയോ പങ്കുവച്ചത്. നെഗറ്റീവ് കമന്റുകളെ സൈബര്‍ ആക്രമണമായി കരുതുന്നില്ല. തന്നെ ആരും ആക്രമിക്കുന്നില്ല. അത്തരം വാര്‍ത്തകള്‍ പൂര്‍ണമായും നിഷേധിക്കുന്നു. പിന്നെ ഇതെല്ലാം വളരെ കുറച്ച് ആളുകളുടെ മാത്രം പ്രശ്‌നങ്ങളാണ്. ഭൂരിപക്ഷം ജനങ്ങള്‍ക്കും വാസ്തവ ബോധമുണ്ട്.
അതിനാല്‍ തന്നെ തെറി പറയുന്നതും വിമര്‍ശിക്കുന്നതുമെല്ലാം പൂര്‍ണമായി അവഗണിക്കുന്നു. തനിക്കതില്‍ ഒരു പരാതിയും പ്രശ്‌നവുമില്ല. ഈ വീഡിയോ പങ്കുവച്ചെന്ന് കരുതി തനിക്ക് ഒന്നും സംഭവിക്കാനില്ലെന്നും ജീത്തു ജോസഫ് പറയുന്നു. ഈശോ എന്ന് ഒരു സിനിമയ്ക്ക് പേരിടുന്നതില്‍ എന്തിനാണ് ഇത്ര വിദ്വേഷം കൊള്ളേണ്ട കാര്യം എന്നും സംവിധായകന്‍ ചോദിക്കുന്നു.
ഒരു സിനിമ ഇറക്കുമ്പോള്‍ അതിന് പേരിടാനുള്ള സ്വാതന്ത്ര്യം എനിക്ക് വേണം. നാദിര്‍ഷ സിനിമയ്ക്ക് ഈശോ എന്ന് പേരിട്ടതില്‍ ഒരു ദുരുദ്ദേശവും ഇല്ല. തന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന ഒരാള്‍ ഈശോയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അദ്ദേഹം ഈ സിനിമ കണ്ടിട്ട് പറഞ്ഞത് സിനിമയ്ക്ക് പേരുമായി ഒരു ബന്ധവും ഇല്ലെന്നാണ്.
Read more
യേശു ക്രിസ്തുവിന്റെ പേര് വാണിജ്യവല്‍ക്കരിക്കുന്നു എന്നാണ് മറ്റൊരു വിമര്‍ശനം. നമ്മുടെ നാട്ടില്‍ എത്രയോ സ്ഥാപനങ്ങള്‍ക്കും ഫിനാന്‍സ് കമ്പനികള്‍ക്കും ദൈവങ്ങളുടെ പേര് ഇട്ടിട്ടുണ്ട്. അത് വാണിജ്യവല്‍ക്കരണമല്ലേ..? സിനിമയ്ക്ക് പേരിടാനും കഥ നിശ്ചയിക്കാനുമെല്ലാം സംവിധായകന് സ്വാതന്ത്ര്യമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിസ് ഹൈനസ് അബ്ദുള്ള എന്ന സിനിമ ഇറങ്ങിയിട്ടില്ലേ..? എന്നും ജീത്തു ജോസഫ് ചോദിക്കുന്നു.