ജയസൂര്യ-നാദിര്‍ഷ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ഈശോ’. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ വന്നതിന് പിന്നാലെ ‘ഈശോ’ എന്ന സിനിമയുടെ പേരിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ ആരംഭിച്ചിരുന്നു. ചിത്രത്തിന്റെ പേര് മാറ്റണം എന്ന ആവശ്യവുമായി ക്രൈവസ്തവ സംഘടനകളും പി.സി ജോര്‍ജ് അടക്കമുള്ള രാഷ്ട്രീയപ്രമുഖരും രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച് നടന്നത്. ട്രെയ്‌ലര്‍ ലോഞ്ചിനിടെ സംവിധായകന്‍ ജിസ് ജോയ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പേരിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ കേട്ടപ്പോള്‍ ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വായിച്ചവര്‍ക്ക് ചിരിയാണ് വന്നതെന്ന് ജിസ് ജോയ് പറയുന്നു.
”ഈശോ എന്ന് സിനിമയ്ക്ക് പേരിട്ടപ്പോള്‍ മുതല്‍ ഈ പേര് മാറ്റണം എന്നതിന്റെ പേരില്‍ നിരവധി വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ ആ സിനിമയുടെ സ്‌ക്രിപ്റ്റ് വായിച്ചവര്‍ക്കെല്ലാം അതോര്‍ത്ത് ചിരിയാണ് വരുന്നത്. കാരണം ഒരു വിവാദത്തിനും സാധ്യതയില്ലാത്ത വിഷയത്തെയാണ് ആളുകള്‍ കുരിശിലേറ്റി വിമര്‍ശിച്ചത്.”
”ഈ സിനിമ കാണുമ്പോള്‍ മനസിലാകും, ഒരു വിവാദത്തിനും സാധ്യതയില്ലാത്ത മുഴുനീള എന്റര്‍ടെയ്നര്‍ ആണ് ഈശോ” എന്നാണ് ജിസ് ജോയ് പറയുന്നത്. ഒക്ടോബര്‍ 5ന് ആണ് ഈശോ സോണി ലൈവില്‍ പ്രദര്‍ശനത്തിന് എത്തുന്നത്. നമിത പ്രമോദ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ, മണികണ്ഠന്‍ ആചാരി, രജിത്ത് കുമാര്‍, ഇന്നസെന്റ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.