കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ബോര്‍ഡ് മെമ്പര്‍ സ്ഥാനത്ത് നിന്ന് സംവിധായകന്‍ ഡോ. ബിജു രാജി വച്ചത് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ചലച്ചിത്ര അക്കാദമി അവാര്‍ഡ് ചെയര്‍മാന്‍ രഞ്ജിത്ത് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ ആയിരുന്നു ഡോ. ബിജുവിന്റെ രാജി.
ഡോ. ബിജുവിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ കമല്‍. ഡോ. ബിജു കലഹപ്രിയന്‍ ആണെന്നാണ് കമല്‍ പറയുന്നത്. തന്റെ സിനിമ തിരഞ്ഞെടുക്കാത്തപ്പോള്‍ അക്കാദമിയെ തള്ളിപ്പറയുന്നത് ബിജുവിന്റെ രീതിയാണ്. ഈ രീതി മുമ്പേ ഉള്ളതാണ്.
ബിജുവിന്റെ നല്ല സിനിമകള്‍ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സിനിമകള്‍ തിരഞ്ഞെടുക്കുന്നത് സെലക്ഷന്‍ കമ്മിറ്റിയാണ്. അതില്‍ ചലച്ചിത്ര അക്കാദമി ഇടപെടാറില്ല. അറിഞ്ഞുകൊണ്ട് അനാവശ്യ വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്.
മുന്‍കാലങ്ങളിലും ഇത് ഉണ്ടായിട്ടുണ്ട്. പുതിയ തലമുറയില്‍ സിനിമയെ ഗൗരവമായി കാണുന്നവരുടെ എണ്ണം വര്‍ധിച്ചു. എല്ലാ കാലത്തും ഐഎഫ്എഫ്‌കെ അരികുവത്കരിക്കപ്പെട്ട ജനങ്ങള്‍ക്കൊപ്പമാണെന്നും കമല്‍ വ്യക്തമാക്കി.
അതേസമയം, തൊഴില്‍ പരമായ കാരണങ്ങള്‍ കൊണ്ടാണ് രാജിവെക്കുന്നത് എന്നായിരുന്നു ഡോ. ബിജുവിന്റെ വിശദീകരണം. അദൃശ്യജാലകങ്ങള്‍ എന്ന സിനിമ തിയേറ്ററില്‍ റിലീസ് ചെയ്തപ്പോള്‍ ആളുകള്‍ കയറിയില്ലെന്നും ഇവിടെയാണ് ഡോക്ടര്‍ ബിജുവൊക്കെ സ്വന്തം റെലവന്‍സ് എന്താണെന്ന് ആലോചിക്കേണ്ടത് എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്.