ഗീതു മോഹന്‍ദാസ് ഒളിഞ്ഞും തെളിഞ്ഞും സിനിമയ്‌ക്ക് എതിരെ യുദ്ധം ചെയ്തു, സിനിമ സംഘടനകള്‍ക്ക് മെയില്‍ അയച്ചു..: ലിജു കൃഷ്ണ പറയുന്നു

തന്റെ സിനിമയെയും തന്നെയും എങ്ങനെയെല്ലാം തകര്‍ക്കാമോ അതെല്ലാം ചെയ്ത വ്യക്തിയാണ് ഗീതു മോഹന്‍ദാസ് എന്ന് ‘പടവെട്ട്’ സംവിധായകന്‍ ലിജു കൃഷ്ണ. തന്റെ പേരില്‍ ലൈംഗിക പീഡന പരാതി കൊടുക്കാന്‍ കാരണം ഗീതു മോഹന്‍ദാസ് ആണെന്നും നേരത്തെ ലിജു കൃഷ്ണ പറഞ്ഞിരുന്നു.

പടവെട്ട് എന്ന സിനിമയെയും തന്നെയും വ്യക്തിപരമായി എങ്ങനെയെല്ലാം തകര്‍ക്കാമോ അതെല്ലാം ചെയ്ത വ്യക്തിയാണ് ഗീതു മോഹന്‍ദാസ്. നിവിന്‍ പോളിയാണ് ഗീതു മോഹന്‍ദാസിന് സിനിമയുടെ കഥ കേള്‍ക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് പറയുന്നത്. നിവിനും താനും കൂടിയാണ് അവരോട് കഥ പറയുന്നത്.

കഥയുടെ ആദ്യ പകുതി അവര്‍ക്ക് ഇഷ്ട്ടപെട്ടു. തിരക്കഥയെയും തന്റെ എഴുത്തിനെയും അഭിനന്ദിച്ചു. കഥയുടെ രണ്ടാം ഭാഗം പേഴ്‌സണല്‍ ആയി കണ്ട് പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞു. ഒരു ദിവസം കൊച്ചിയില്‍ താമസിക്കാന്‍ കഴിയുമോ എന്ന് ചോദിച്ചു. എന്നാല്‍ മൂന്ന് ദിവസത്തോളം കൊച്ചിയില്‍ നിന്നിട്ടും അവരെ ഫോണില്‍ ലഭിച്ചില്ല.

തിരിച്ചു പോകാന്‍ തുടങ്ങിയപ്പോഴാണ് വീണ്ടും അവരുടെ കോള്‍ വരുന്നത്. ‘ആ കഥ എനിക്കങ്ങോട്ട് വര്‍ക്കായില്ല’ എന്നാണ് പറഞ്ഞത്. ആദ്യം അഭിനന്ദിച്ച അവര്‍ പിന്നീട് തിരക്കഥയെ കുറിച്ച് വളരെ മോശമായ അഭിപ്രായങ്ങള്‍ പറഞ്ഞു. അക്കാദമിക് രീതിയില്‍ നോക്കുമ്പോള്‍ തിരക്കഥാ രചനയുടെ രീതി ശാസ്ത്രങ്ങള്‍ക്ക് വിരുദ്ധമാണ് എന്നാണ് പ്രധാനമായും ആരോപിച്ചത്.

അക്കാദമിക് നിയമങ്ങളെ പിന്തുടര്‍ന്ന് സിനിമ എടുക്കാന്‍ ആഗ്രഹിക്കുന്നില്ല എന്ന് തുറന്ന് പറഞ്ഞു. തിരക്കഥയില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ നിവിന്‍ പോളി ഈ സിനിമ ചെയ്യില്ലെന്ന് അവര്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ തനിക്ക് നിവിനില്‍ നിന്ന് തന്നെ അത് അറിയണമായിരുന്നു. താന്‍ നിവിനെ വിളിച്ച് കാര്യം പറഞ്ഞു.

പറഞ്ഞ ദിവസം തന്നെ ഷൂട്ട് ആരംഭിക്കുമെന്ന് നിവിന്‍ പറഞ്ഞു. പിന്നീട് പല രീതിയില്‍ ഒളിഞ്ഞും തെളിഞ്ഞും ഈ സിനിമയ്ക്ക് എതിരെ ഗീതു മോഹന്‍ദാസ് യുദ്ധം ചെയ്തു. ഒടുവില്‍ സിനിമ ഇറങ്ങും എന്നായപ്പോള്‍ സിനിമയില്‍ നിന്നും തന്റെ പേര് നീക്കം ചെയ്യാന്‍ അവര്‍ സിനിമ സംഘടനകള്‍ക്കും നിര്‍മ്മാണ കമ്പനികള്‍ക്കും മെയിലുകള്‍ അയച്ചു.

Read more

എന്നാല്‍ നിവിന്‍ പോളിയും സഹനിര്‍മാതാവ് സണ്ണി വെയ്‌നും ഉറച്ച നിലപാട് എടുത്തതോടെയാണ് അത് നടക്കാതെ പോയത് എന്നാണ് സംവിധായകന്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, ഒക്ടോബര്‍ 21ന് റിലീസ് ചെയ്ത പടവെട്ടിന് സമ്മിശ്ര പ്രതികരണങ്ങളാണ് തിയേറ്ററില്‍ നിന്നും ലഭിക്കുന്നത്.