മകന് കോവിഡ് ഭേദമായ സന്തോഷം പങ്കുവെച്ച് സംവിധായകന്‍ എം. പത്മകുമാര്‍. കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പത്മകുമാറിന്റെ മകനും സുഹൃത്തും ആശുപത്രി വിട്ടു. കോവിഡിനെതിരെ അഹോരാത്രം പൊരുതുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിങ്ങനെ എല്ലാവര്‍ക്കും ഒരുപാടു നന്ദിയുണ്ടെന്നും ജനങ്ങളോടുള്ള കരുതലിന്റെ കാര്യത്തില്‍ നമ്മുടെ നാട് ലോകത്തു തന്നെ ഒന്നാമതാണെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പത്മകുമാര്‍ പറഞ്ഞു.
പത്മകുമാറിന്റെ കുറിപ്പ്….
“എന്റെ മകന്‍ ആകാശും അവന്റെ സഹപ്രവര്‍ത്തകന്‍ എല്‍ദോ മാത്യുവും കോവിഡ് 19 ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കി കളമശേരി മെഡിക്കല്‍ കോളജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടു. ഈ രോഗത്തിനെതിരെ അഹോരാത്രം പൊരുതുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിങ്ങനെ എല്ലാവര്‍ക്കും ഒരുപാടും നന്ദിയും സ്‌നേഹവും. ഒപ്പം, ഈ സംഘത്തിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്കും ജില്ലാ കലക്ടര്‍ എസ്. സുഹാസിനും ഒരുപാടു സ്‌നേഹം. ഇത് വെറുമൊരു കൃത്ജ്ഞാ കുറിപ്പല്ല. എന്റെ നാടിനെക്കുറിച്ചും സര്‍ക്കാരിനെക്കുറിച്ചും ഓര്‍ത്തുള്ള അഭിമാനക്കുറിപ്പാണ്. ജനങ്ങളോടുള്ള കരുതലിന്റെ കാര്യത്തില്‍ നമ്മുടെ നാട് ലോകത്തു തന്നെ ഒന്നാമതാണ്!”
പത്മകുമാറിന്റെ മകനും സുഹൃത്തും മാര്‍ച്ച് 16നാണു ഡല്‍ഹിയിലെത്തിയത്. പാരിസില്‍ വച്ച് കോവിഡ് ബാധിതനുമായി സമ്പര്‍ക്കമുണ്ടായതായി സംശയം തോന്നിയതിനാല്‍, നാട്ടില്‍ തിരിച്ചെത്തി ചികിത്സ തേടുകയായിരുന്നു ഇരുവരും. മാര്‍ച്ച് 23നു രോഗലക്ഷണങ്ങള്‍ പ്രകടമായി. ഇതോടെ ഇവരെ കളമശേരി മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.