മന്ത്രി പി.എ മുഹമ്മദ് റിയാസ് വ്യഭിചാരം നടത്തുകയാണെന്ന മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായിയുടെ വിവാദ പ്രസംഗത്തിനെതിരെ സംവിധായകന്‍ എം.എ നിഷാദ്. പിണറായി സര്‍ക്കാരിനെതിരെ ലീഗ് നടത്തുന്ന വിവാദ പ്രസ്താവനകളെയും വിമര്‍ശിച്ചു കൊണ്ടാണ് സംവിധായകന്‍ രംഗത്തെത്തിയിരിക്കുന്നത്. ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് ആരാണ് മൊത്തം മുസ്ലിങ്ങളുടെ അട്ടിപ്പേറാവകാശം നല്‍കിയതെന്ന് സംവിധായകന്‍ ചോദിക്കുന്നു.
എം.എ നിഷാദിന്റെ കുറിപ്പ്:
ഇനി പറയൂ… ആരാണ് സംസ്‌ക്കാര ശൂന്യര്‍..? മുസ്ലീം ലീഗ് വേദികളിലും, അവരുടെ പ്രകടനങ്ങളിലും കേട്ട അല്ലെങ്കില്‍ കേള്‍ക്കുന്ന വാക്കുകളും മുദ്രാവാക്യങ്ങളും.. ഇനി പറയൂ…ആരാണ് ലജ്ജിക്കേണ്ടത് ? ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് ആരാണ് മൊത്തം മുസ്ലീങ്ങളുടെ അട്ടിപ്പേറാവകാശം നല്‍കിയത് ?
അത്തരം ചിന്തകളോ തോന്നലുകളോ ഏതെങ്കിലും ലീഗുകാരനുണ്ടെങ്കില്‍ അത് നാലായി മടക്കി ഇങ്ങടെ കീശയില്‍ തന്നെ വെച്ചാല്‍ മതി കോയാ… ലജ്ജിക്കേണ്ടത് നിങ്ങളെ ഓര്‍ത്താണ് ലീഗുകാരാ… ഈ നാടിനെ വര്‍ഗീയമായി ധ്രുവീകരിക്കുന്നതില്‍, സംഘപരിവാറുകള്‍ക്കൊപ്പം തന്നെ നിങ്ങളുടെ പേരും കൂടി ചേര്‍ത്ത് വായിക്കണം.
ഫാസിസ്റ്റുകള്‍ക്ക് കളം ഒരുക്കി കൊടുക്കാന്‍ നാരങ്ങാ വെളളം കലക്കി കൊടുക്കുന്ന നിങ്ങള്‍ക്ക് എന്ത് പ്രതിബദ്ധതയാണ്, ഈ സമൂഹത്തിനോടും സമുദായത്തിനോടുമുളളത്…? മഹാനായ സി എച്ചും, സയ്ദ് ഉമ്മര്‍ ബാഫക്കി തങ്ങളുമൊക്കെ നേതൃത്വം നല്‍കിയ പ്രസ്ഥാനം എത്രമാത്രം അധപതിച്ചു എന്നുളളതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ്, ഈ ചിത്രങ്ങള്‍ പറയുന്നത്…
നിങ്ങള്‍ ജനഹൃദയങ്ങളില്‍ നിന്നും അകന്നു പോയിരിക്കുന്നു ലീഗേ.. മാറുന്ന മലപ്പുറം കണ്ട ബേജാറില്‍, നിങ്ങള്‍ വിളിച്ച് പറയുന്ന വാക്കുകള്‍ക്ക് ഈ സമുദായത്തിന് ഉത്തരം നല്‍കേണ്ട ബാധ്യതയില്ല…അത് മനസ്സിലാക്കിയാല്‍ നന്ന്… രാഷ്ട്രീയം പറ കോയാ… അതെങ്ങനാ,നിങ്ങള്‍ക്ക് എന്ത് രാഷ്ട്രീയം ? ഇന്നലെ പൊതു സമൂഹം കണ്ട നിങ്ങളുടെ രാഷ്ട്രീയമാണെങ്കില്‍, അത് ഈ നാട്ടില്‍ വിലപോവില്ല…
ഒരു കാര്യം കൂടി ഇവിടെ പറയാതെ വയ്യ.. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ജീവിച്ചിരുന്നെങ്കില്‍, ഇത്രക്ക് ലീഗ് അധപതിക്കുകയില്ലായിരുന്നു.. ഇത്തരം വാക്കുകള്‍ നിങ്ങളുടെ യോഗങ്ങളില്‍ മുഴങ്ങില്ലായിരുന്നു… സാദിഖലിയും, കുഞ്ഞാലിയും, സലാമുമെല്ലാം ചേര്‍ന്ന നയിക്കുന്ന പുതിയ ലീഗിന് ഒരുപാട് ദൂരം സഞ്ചരിക്കേണ്ടി വരും… പണ്ഠിറ്റ് ജവഹര്‍ലാല്‍ നെഹ്രു പണ്ട് ലീഗിനെ വിശേഷിപ്പിച്ച വാക്ക് അന്വര്‍ത്ഥമാകുന്ന കാലത്തിലാണ് പുതിയ ലീഗ്…
NB: ഇനി ഈ പോസ്റ്റിന്റെ കീഴില്‍ ലീഗ് ഭക്തരുടെ തെറി അഭിഷേകമായിരിക്കും എന്നെനിക്കുറപ്പാണ്…ചിന്തിച്ച് മറുപടി പറയാന്‍ ശ്രമിക്കു…അതായത്, പടച്ചവന്‍ തന്ന തലച്ചോറ് ഉപയോഗിക്കണമെന്ന് സാരം…. ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട്….