സിനിമയിലെ വയലന്‍സ് ഇന്‍ഫ്‌ളുവന്‍സ് ചെയ്യുന്നുണ്ടെങ്കില്‍ നന്മകളും സ്വാധീനിക്കില്ലേ എന്ന നടന്‍ ജഗദീഷിന്റെ പ്രസ്താവനയ്‌ക്കെതിരെ സംവിധായകന്‍ എംഎ നിഷാദ്. വയലന്‍സ് കുത്തി നിറച്ച ഒരു സിനിമയുടെ ഭാഗമായത് കൊണ്ട് വല്ലാതെ ന്യായീകരിക്കരുതെന്നും അത് ഒരുതരം അവസരവാദമെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാന്‍ കഴിയില്ലെന്നുമാണ് എംഎ നിഷാദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
മാര്‍ക്കോയില്‍ താന്‍ അവതരിപ്പിച്ച ടോണി ഐസക്ക് അക്രമത്തിന് കൂട്ട് നില്‍ക്കുന്ന വ്യക്തിയാണ്, എന്നാല്‍ ജഗദീഷ് എന്ന വ്യക്തി അങ്ങനെയല്ല എന്ന് ജഗദീഷ് പറഞ്ഞിരുന്നു. നല്ലതിനോട് ആഭിമുഖ്യമുളള ഒരു സമൂഹമായിരുന്നെങ്കില്‍ ഇവിടെ നന്മമരങ്ങളാല്‍ സമൃദ്ധമായേനെ, പക്ഷെ തിന്മയോടുളള ആസക്തിയാണ് പൊതുവില്‍ കണ്ട് വരുന്നത്. പ്രൊഫസര്‍ ജഗദീഷ് അങ്ങയിലെ അധ്യാപകന്‍ ഉണരട്ടെ എന്നാണ് എംഎ നിഷാദ് കുറിപ്പില്‍ പറയുന്നത്.
എംഎ നിഷാദിന്റെ കുറിപ്പ്:
വിയോജിപ്പ്.. അങ്ങയോടുളള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് പറയട്ടെ… താങ്കളുടെ ഈ പ്രസ്താവനയോട് യോജിക്കാന്‍ കഴിയില്ല… വയലന്‍സ് കുത്തി നിറച്ച ഒരു സിനിമയുടെ ഭാഗമായത് കൊണ്ട് വല്ലാതെ ന്യായീകരിക്കരുത്. അത് ഒരുതരം അവസരവാദമല്ലെ എന്നാരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല.. നല്ലതിനോട് ആഭിമുഖ്യമുളള ഒരു സമൂഹമായിരുന്നെങ്കില്‍ ഇവിടെ നന്മമരങ്ങളാല്‍ സമൃദ്ധമായേനെ… തിന്മയോടുളള ആസക്തി.. അതാണ് പൊതുവില്‍ കണ്ട് വരുന്നത്..
ഇത് ശ്രീ ജഗദീഷിനും അറിവുളള കാര്യമാണെന്ന് വിശ്വസിക്കുന്നു… കാരണം താങ്കള്‍ ഒരു അധ്യാപകനും കൂടിയായിരുന്നല്ലൊ… അങ്ങ് പഠിപ്പിച്ചിരുന്ന കാലത്തും, അങ്ങ് സിനിമയില്‍ അഭിനയിച്ചു തുടങ്ങി ഒരു ഘട്ടം വരെയുളള കാലത്തെ കഥയല്ല ഇന്നിന്റേത്.. കാലം മാറി…ഒട്ടും സുഖകരമല്ലാത്ത അവസ്ഥയാണ് ഇന്നുളളത്… താങ്കള്‍ക്ക് ഈ കെട്ട കാലത്തെ പറ്റി ഉത്തമബോധ്യമുളള വ്യക്തിയാണ്.. അല്ലായെന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിയില്ല… സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട് എന്നുളളതിന്റെ തെളിവാണ് സമീപ കാലത്തെ സംഭവവികാസങ്ങളിലൂടെ തെളിഞ്ഞിരിക്കുന്നത്.
ഇതൊക്കെ സമൂഹത്തില്‍ നടക്കുന്നതല്ലെ എന്ന ചോദ്യത്തിന്റെ പ്രസക്തിയെ മറു ചോദ്യം കൊണ്ട് എനിക്ക് ഉത്തരം നല്‍കാം… ഒരു വാദ പ്രതിവാദത്തിനുളള അവസരമല്ലല്ലോ ഇത്.. അത്യന്തം ഗൗരവമുളള ഒരു വിഷയത്തെ കുറച്ചുംകൂടി കാര്യ ഗൗരവതതതോടെ സമീപിക്കണമെന്നാണ് അങ്ങയോടുളള എന്റെ അഭ്യര്‍ത്ഥന.. ഏതൊരു വ്യക്തിക്കും സാമൂഹിക പ്രതിബദ്ധത വേണം എന്ന അങ്ങയുടെ ഉപദേശത്തെ ഞാര്‍ പൂര്‍ണ്ണമനസ്സോടെ ഉള്‍ക്കൊളളുന്നു. ധ്യാന്‍ ശ്രീനിവാസന്റെ സാമൂഹിക പ്രതിബദ്ധത അളക്കാന്‍ അങ്ങുപയോഗിച്ച അളവുകോല്‍ വെച്ച് അങ്ങയുടെ പ്രതിബദ്ധത കൂടി ഒന്ന് അളന്ന് വെക്കുന്നത്, നന്നായിരിക്കും…
സമൂഹത്തില്‍ നടമാടുന്ന അനിഷ്ട സംഭവങ്ങളില്‍ മയക്കുമരുന്നിനും ലഹരിക്കുമുളള പങ്ക് വളരെ വലുതാണ്… അത് പോലെ തന്നെയാണ് സിനിമയില്‍ വര്‍ദ്ധിച്ച് വരുന്ന വയലന്‍സ് രംഗങ്ങളും, മയക്കുമരുന്നുപയോഗവും.. എതിര്‍ക്കപെടേണ്ടതിനെ ആ അര്‍ത്ഥത്തില്‍ തന്നെ എതിര്‍ക്കണം പ്രൊഫ: ജഗദീഷ്.. അങ്ങയിലെ അധ്യാപകന്‍ ഉണരട്ടെ… NB -സാന്ദര്‍ഭികമായി പറയട്ടെ,മലയാളം കണ്ട ഏറ്റവും വയലന്‍സ് നിറഞ്ഞ ചിത്രത്തിലെ അങ്ങയുടെ പ്രകടനം നന്നായിരുന്നു കേട്ടോ… പക്ഷെ അതൊന്നും ഒരു ന്യായീകരണത്തെയും സാമാന്യവല്‍ക്കരിക്കില്ല.