ഇന്ദ്രന്‍സ്, ദുര്‍ഗ കൃഷ്ണ, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ത്രില്ലര്‍ ചിത്രം ഉടലിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ രതീഷ് രഘുനാഥന്‍. ഇരുപത് ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രമാണ് ഉടലെന്നും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി വരുന്ന മൂന്നുപേര്‍ക്കും ശാരീരികമായും വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നെന്നും രതീഷ് പറഞ്ഞു.
‘ആരെയും അസിസ്റ്റ് ചെയ്യാതെ ആദ്യ സിനിമ ചെയ്യാനെത്തിയ ആളാണ് ഞാന്‍. ഒരു ഷോട്ട് ഫിലിം പോലും മുമ്പ് ചെയ്തിട്ടില്ല. സ്വാഭാവികമായും പരിചയമില്ലായ്മയുടെ ടെന്‍ഷന്‍ എനിക്കുണ്ടായിരുന്നു. പക്ഷേ, പ്രധാനകഥാപാത്രങ്ങളായെത്തിയ മൂന്നുപേരും മികച്ച രീതിയില്‍ പെര്‍ഫോം ചെയ്തതുകൊണ്ടാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കാനായത്.’
‘ഉടല്‍ കണ്ടാല്‍ അത് 20 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ ചിത്രമാണെന്ന് പറയില്ല. പല ദിവസവും ഷൂട്ട് അവസാനിക്കുമ്പോള്‍ താരങ്ങളോട് നന്ദി പറയാതിരിക്കാനാവാത്ത അവസ്ഥയായിരുന്നു. ചിത്രത്തില്‍ ഇവര്‍ മൂന്നുപേര്‍ക്കും ശാരീരികമായും വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നിരുന്നു. പ്രത്യേകിച്ച് ദുര്‍ഗയ്ക്കും ഇന്ദ്രന്‍സേട്ടനും.’
‘തലയ്ക്കടിയേറ്റ് ദുര്‍ഗ വീണതിനെ തുടര്‍ന്ന് അര ദിവസം ഷൂട്ട് നിര്‍ത്തിവെക്കേണ്ടിവരെ വന്നു. ഇവര്‍ക്ക് പകരം മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ ഇത്രയ്ക്കും എഫേര്‍ട്ട് എടുക്കുമോ എന്നറിയില്ല’ മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ രതീഷ് രഘുനാഥന്‍ പറഞ്ഞു.