'ഇപ്പോള്‍ ലോകത്ത് ഏറ്റവുമധികം വെറുക്കുന്നത് ഭക്ഷണമാണ്, കരുതി വേണം ജീവിക്കാന്‍ എന്ന് ബോദ്ധ്യമാക്കിയ ആശുപത്രിവാസം'; കോവിഡ് ഭീകരത പങ്കുവെച്ച് ആര്‍. എസ് വിമല്‍

കോവിഡ് ഭേദമായ വിവരം പങ്കുവച്ച് സംവിധായകന്‍ ആര്‍.എസ് വിമല്‍. കോവിഡിനെ കുറിച്ച് കേട്ടറിഞ്ഞതൊക്കെ ഒന്നുമല്ലെന്ന് ബോധ്യപ്പെട്ട ദിവസങ്ങള്‍. ജീവിക്കാനുള്ള ഓട്ടത്തില്‍ കരുതി വേണം ജീവിക്കാന്‍ എന്ന് ബോധ്യമാക്കിയ ആശുപത്രി വാസം എന്നാണ് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.

ആര്‍.എസ് വിമലിന്റെ കുറിപ്പ്:

ഇന്ന് നെഗറ്റീവ് ആയി. കഴിഞ്ഞ രണ്ടാഴ്ച… കോവിഡിനെക്കുറിച്ച് കേട്ടറിഞ്ഞതൊക്കെ ഒന്നുമല്ലന്ന് ബോധ്യപ്പെട്ട ദിനരാത്രങ്ങള്‍… മനസു കൊണ്ടും ശരീരം കൊണ്ടും തകര്‍ന്നു പോകുന്ന അവസ്ഥ.. ജീവിക്കാനുള്ള ഓട്ടത്തില്‍ കരുതി വേണം ജീവിക്കാന്‍ എന്ന് ബോധ്യമാക്കിയ ആശുപത്രി വാസം…ഈ ഓടിയതൊക്കെ ഭക്ഷണതിന് വേണ്ടിയായിരുന്നല്ലോ..

ഇപ്പോള്‍ ലോകത്തു ഏറ്റവുമധികം വെറുക്കുന്നത് ഭക്ഷണമാണ്.. അതാണ് കോവിഡ്. ഭാര്യക്കാണ് ആദ്യം വന്നത്… പിന്നീട് എനിക്കും… നമ്മള്‍ എത്ര മുന്‍കരുതല്‍ എടുത്താലും പണി കിട്ടാന്‍ വളരെ എളുപ്പമാണ്.തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിലെ പ്രിയ സഹോദരന്‍ ജോജോക്കു ഹൃദയത്തില്‍ നിന്നും നന്ദി. ഒപ്പം വിനോദ്. ജിതേന്‍ ചികിത്സിച്ച ഡോക്ടര്‍..

നഴ്‌സിംഗ് സ്റ്റാഫ്‌സ് തുടങ്ങി എല്ലാര്‍ക്കും വളരെ വളരെ നന്ദി. ഈ ഹോസ്പിറ്റലിലെ ഓരോ ദിവസം കഴിയുന്തോറും കോവിഡ് ചികിത്സക്കുള്ള ഫ്‌ളോറുകള്‍ കൂടി വരുന്നു… ഹോസ്പിറ്റല്‍ സ്റ്റാഫുകള്‍ നെട്ടോട്ടമൊടുന്നു… ജോജോയെ വിളിക്കുമ്പോള്‍ സന്തോഷത്തോടെ മാത്രം സംസാരിക്കുന്നു… ദുരന്തങ്ങളുടെ വാര്‍ത്തകള്‍ അറിയിക്കാതെ മനപ്പൂര്‍വം ശ്രമിക്കുന്നു.. രുചിയും ഗന്ധവും വിശപ്പും ആരോഗ്യവും തിരിച്ചുവരുന്ന കാലത്തിനു വേണ്ടി കാത്തിരിക്കുന്നു ജാഗ്രത… അല്ലാതെ മറ്റൊന്നില്ല…