അമ്പത് തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്, രാജ്യത്തിന്റെ അഭിമാനം..; 'മണിച്ചിത്രത്താഴി'നെ പുകഴ്ത്തി സെല്‍വരാഘവന്‍

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ‘മണിച്ചിത്രത്താഴ്’. റിലീസ് ചെയ്ത് 30 വര്‍ഷം കഴിഞ്ഞെങ്കിലും മലയാളികള്‍ക്കിടയില്‍ മണിച്ചിത്രത്താഴ് പോലെ ഇത്രയധികം റിപ്പീറ്റ് വാല്യു ഉള്ള മറ്റൊരു ചിത്രമില്ല. മണിച്ചിത്രത്താഴിനെ കുറിച്ച് തമിഴ് സംവിധായകനും നടനുമായ സെല്‍വരാഘവന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

സിനിമയെയും സംവിധാകനെയും അഭിനേതാക്കളെയും പ്രശംസിച്ചു കൊണ്ടാണ് സെല്‍വരാഘവന്റെ എക്‌സ് പോസ്റ്റ്. ”മണിച്ചിത്രത്താഴ്, ഒരു അമ്പത് തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്. ഫാസില്‍ സാറിന്റെ ഒരു ക്ലാസിക് സിനിമ. ശോഭനയ്ക്ക് മികച്ച അഭിനയത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചു.”

”മോഹന്‍ലാല്‍ സര്‍, രാജ്യത്തിന്റെ അഭിമാനം..” എന്നാണ് ചിത്രത്തെ കുറിച്ചുള്ള സെല്‍വരാഘവന്റെ വാക്കുകള്‍. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയത്. ‘ലോക സിനിമാ ചരിത്രത്തിലെ എക്കാലത്തെയും ക്ലാസിക്. പ്രേക്ഷകനെ പിടിച്ചിരുത്തുന്ന തിരക്കഥയും ഐതിഹാസിക പ്രകടനങ്ങളും.’

‘മികച്ച പാട്ടുകളും മ്യൂസിക് സ്‌കോറുകളും, മറ്റ് റീമേക്കുകളെ അപേക്ഷിച്ച് ഏറ്റവും മികച്ച ക്ലാസിക്കാണ് മണിച്ചിത്രത്താഴ്, അതുപോലെയൊന്നു ഇനിയുണ്ടാവില്ല, രാജ്യത്തിന്റെ അഭിമാനം’ എന്നിങ്ങനെയാണ് ചിലര്‍ കമന്റുകളായി കുറിച്ചിരിക്കുന്നത്.

അതേസമയം, 1993ല്‍ ഡിസംബര്‍ 25ന് ആണ മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്. വര്‍ഷങ്ങള്‍ക്കിപ്പുറം 2023ല്‍ കേരളീയം പരിപാടിയില്‍ ചിത്രം വീണ്ടും തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. നിരവധി ആളുകളാണ് ചിത്രത്തിന്റെ എല്ലാ ഷോയ്ക്കും എത്തിയത്.