താന്‍ സംവിധാനം ചെയ്ത വല്യേട്ടന്‍ എന്ന ചിത്രം കൈരളി ടിവിയില്‍ 1900 തവണ സംപ്രേഷണം ചെയ്തു എന്ന പ്രസ്താവനയില്‍ ചാനലിനോട് ക്ഷമ ചോദിച്ച് ഷാജി കൈലാസ്. പ്രസ്താവനയ്‌ക്കെതിരെ കൈരളി ചാനലിന്റെ സീനിയര്‍ ഡയറക്ടര്‍ എം. വെങ്കിട്ടരാമന്‍ ഉള്‍പ്പെടെ രംഗത്തുവന്നതിന് പിന്നാലെയാണ് ക്ഷമാപണവുമായി ഷാജി കൈലാസ് രംഗത്തുവന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാജി കൈലാസ് ക്ഷമാപണം നടത്തിയത്.
കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം..
ഞാന്‍ സംവിധാനം ചെയ്ത വല്യേട്ടന്‍ എന്ന ചിത്രം കൈരളി ടിവിയില്‍ 1900 തവണ സംപ്രേഷണം ചെയ്തു എന്ന് ഞാന്‍ പറഞ്ഞത് കൈരളി ചാനലിന്റെ സീനിയര്‍ ഡയറക്ടര്‍ എം. വെങ്കിട്ടരാമന്‍ ഉള്‍പ്പെടെ ഉള്ളവരെ വേദനിപ്പിച്ചു എന്ന് മനസിലാക്കുന്നു. എന്നാല്‍ അതൊരു തമാശ രൂപേണ പറഞ്ഞതാണെന്നും ഒരിക്കലും കൈരളി ടിവിയെ ഇകഴ്ത്തി കാണിക്കാനായി പറഞ്ഞതല്ലെന്നും വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു.
എനിക്ക് ഏറ്റവും പ്രീയപ്പെട്ട ഒരു ചാനലാണ് കൈരളി ചാനല്‍. വര്‍ഷങ്ങളായി അവര്‍ക്കൊപ്പം സഞ്ചരിക്കുന്ന ആള്‍ കൂടിയാണ് ഞാന്‍. അത്‌കൊണ്ട് തന്നെ ഒരിക്കലും അവരെ താഴ്ത്തിക്കെട്ടാന്‍ ഞാന്‍ ശ്രമിക്കില്ല. എങ്കിലും തമാശ രൂപേണ പറഞ്ഞ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ അതിന് ക്ഷമ ചോദിക്കുന്നു. വല്യേട്ടന്‍ കൈരളി ചാനലില്‍ ഒട്ടേറെ തവണ പ്രദര്‍ശിപ്പിച്ചതില്‍ ഒരു സംവിധായകനെന്ന നിലയില്‍ എനിക്ക് അഭിമാനമാണുള്ളതെന്നും കൂട്ടിച്ചേര്‍ത്തുകൊള്ളട്ടെ.
Read more
വല്ല്യേട്ടന്‍ 1880 തവണ ടി.വിയില്‍ സംപ്രേക്ഷണം ചെയ്തുവെന്ന നിര്‍മാതാവിന്റെയും 1900 തവണ സംപ്രേക്ഷണം ചെയ്തുവെന്ന സംവിധായകന്റെയും വാദം സത്യമല്ലെന്ന് ചൂണ്ടിക്കാട്ടി കൈരളി ചാനലിന്റെ സീനിയര്‍ ഡയറക്ടര്‍ എം. വെങ്കിട്ടരാമന്‍ രംഗത്തുവന്നിരുന്നു. ആദ്യ വര്‍ഷങ്ങളില്‍ ഈ സിനിമ വിശേഷ ദിവസങ്ങളില്‍ മാത്രമേ പ്രദര്‍ശിപ്പിച്ചിരുന്നുള്ളൂ എന്നാണ് അദ്ദേഹം പറയുന്നത്. കൈരളി വല്യേട്ടന്‍ കാണിച്ചതിനേക്കാള്‍ കൂടുതല്‍ തവണ മറ്റു ജനപ്രിയ സിനിമകള്‍ വിവിധ ചാനലുകള്‍ കാണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.