ഇന്ത്യന്‍ 2 വിന്റെ ചിത്രീകരണത്തിനിടയ്ക്കുണ്ടായ അപകടം തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു. കൂറ്റന്‍ ക്രെയിന്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ സംവിധായകന്‍ ശങ്കറിന്റെ സഹായി മധു, സഹസംവിധായകന്‍ ചന്ദ്രന്‍, കാറ്ററിങ് യൂണിറ്റ് അംഗം കൃഷ്ണ എന്നിവരാണ് മരിച്ചത്. ഒന്‍പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ആ അപകടത്തിന്റെ ഷോക്കില്‍ നിന്ന് താന്‍ ഇതുവരെ പുറത്തുവന്നിട്ടില്ലെന്ന് പറയുകയാണ് ശങ്കര്‍.
“മനസില്‍ ഒരുപാട് ദുഃഖത്തോടെയാണ് ഞാന്‍ ഇതെഴുതുന്നത്. ആ അപകടത്തിനു ശേഷം ഞാന്‍ വലിയൊരു ഷോക്കിലായിരുന്നു. അപകടത്തില്‍ മരണപ്പെട്ട എന്റെ അസിസ്റ്റന്റ്‌സിനെയും ക്രൂവിനെയും ഓര്‍ത്ത് ഉറക്കമില്ലാത്ത രാത്രികള്‍. തലനാരിഴയ്ക്കാണ് ഞാന്‍ രക്ഷപ്പെട്ടത്. പക്ഷേ ഇതിലും ഭേദം ആ ക്രെയിന്‍ എന്റെ മേല്‍ പതിക്കുന്നതായിരുന്നു. ജീവന്‍ നഷ്ടമായ ആളുകളുടെ കുടുംബത്തിന് എല്ലാ പ്രാര്‍ഥനകളും.”ശങ്കര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പൂനമല്ലി നസറത്ത് പേട്ടയിലെ ഇവിപി ഫിലിം സിറ്റിയിലെ ലൊക്കേഷനിലാണ് അപകടമുണ്ടായത്. സീന്‍ ചിത്രീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിനിടെ 150 അടിയിലേറെ ഉയരമുള്ള ക്രെയിന്‍ സംവിധായകനും സംഘവും ഇരുന്ന ടെന്റിന് മുകളിലേക്ക് മറിയുകയായിരുന്നു.