തെലുങ്ക് സിനിമയില്‍ ഈ വര്‍ഷത്തെ വലിയ ഡിസാസ്റ്റര്‍ ആയി മാറുകയാണ് ശങ്കര്‍ ചിത്രം ‘ഗെയിം ചേഞ്ചര്‍’. രാം ചരണ്‍ നായകനായ പൊളിറ്റിക്കല്‍ ത്രില്ലറിന് ആദ്യ ദിനം മുതല്‍ തന്നെ മോശം അഭിപ്രായങ്ങളാണ് ലഭിച്ചത്. താന്‍ ഗെയിം ചേഞ്ചറില്‍ നിരാശനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ശങ്കര്‍ ഇപ്പോള്‍. സിനിമ ഇനിയും നന്നാക്കാമായിരുന്നു എന്നാണ് ശങ്കര്‍ പറയുന്നത്.
”എല്ലാ ഫിലിം മേക്കേഴ്സിനും അങ്ങനെയാണ്, പൂര്‍ണ തൃപ്തി ഉണ്ടാകില്ല, സിനിമ ഇനിയും നന്നാക്കാമായിരുന്നുവെന്ന് തോന്നും. ഗെയിം ചേഞ്ചറിന്റെ ഔട്ട്പുട്ടില്‍ ഞാന്‍ പൂര്‍ണ്ണമായി തൃപ്തനല്ല, കുറച്ചുകൂടി നന്നാക്കാമായിരുന്നു. സമയ പരിമിതി മൂലം പല നല്ല സീനുകളും ട്രിം ചെയ്തിട്ടുണ്ട്. സിനിമയുടെ ആകെ ദൈര്‍ഘ്യം 5 മണിക്കൂറില്‍ കൂടുതലുണ്ട്” എന്നാണ് ശങ്കര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.
അതേസമയം, ജനുവരി 10ന് ആണ് ഗെയിം ചേഞ്ചര്‍ റിലീസ് ചെയ്തത്. ചിത്രം തിയേറ്ററുകളിലെത്തി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിന്റെ വ്യാജ പ്രിന്റ് പുറത്തുവിട്ടവര്‍ തങ്ങളെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെന്ന് നിര്‍മ്മാതാക്കള്‍ പരാതി നല്‍കിയിരുന്നു. 45 പേര്‍ക്കെതിരെയാണ് നിര്‍മ്മാതാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്.
ബോളിവുഡ് താരം കിയാര അഡ്വാനിയാണ് ചിത്രത്തില്‍ നായികയായത്. അഞ്ജലി, ജയറാം, എസ് ജെ സൂര്യ, സുനില്‍, ശ്രീകാന്ത്, സമുദ്രക്കനി, നാസര്‍ തുടങ്ങിയ തുടങ്ങിയവരും ചിത്രത്തില്‍ എത്തിയിരുന്നു. സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റേതാണ് ചിത്രത്തിന്റെ കഥ. വെങ്കിടേശ്വര ക്രിയേഷന്‍സിന്റെയും സീ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ ദില്‍ രാജുവും സിരിഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.