മമ്മൂട്ടി അവിസ്മരണീയമാക്കിയ കഥാപാത്രങ്ങളിലൊന്നാണ് കോട്ടയം കുഞ്ഞച്ചന്‍. ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്‍ ടി.എസ് സുരേഷ് ബാബു സംവിധാനം ചെയ്ത ചിത്രം അന്നു വരെയുള്ള കലക്ഷന്‍ റെക്കോര്‍ഡുകളെല്ലാം തിരുത്തിക്കുറിച്ച വിജയമാണ് നേടിയത്.
കോട്ടയം കുഞ്ഞച്ചനില്‍ മമ്മൂട്ടി ഏറെ ആകാംഷയോടെ ചെയ്ത സീനിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ടി.എസ് സുരേഷ് ബാബു. കോട്ടയം കുഞ്ഞച്ചനില്‍ മമ്മൂട്ടി വെള്ളമടിച്ച് വന്ന് കെപിഎസി ലളിതയെയും ഇന്നസെന്റിനെയും എല്ലാം ചീത്ത പറയുന്ന ഒരു സീനുണ്ട്.
പന്ത്രണ്ട് പേജോളം ഡയലോഗുള്ള സീനായിരുന്നു അത്. ആ സീനില്‍ മമ്മൂട്ടിക്ക് മാത്രമെ ഡയലോഗുള്ളൂ. പിന്നെ കുറച്ച് ബഹളമാണ്. രണ്ട് ഡയലോഗ് ബൈജു അവതരിപ്പിക്കുന്ന കഥാപാത്രത്തിനുമുണ്ട്. ഷൂട്ടിംഗ് തുടങ്ങിയ ശേഷം ഇടയ്ക്കിടെ വന്ന് മമ്മൂക്ക ചോദിക്കും വെള്ളമടിച്ചുള്ള ആ സീന്‍ എന്നാണ് എടുക്കുന്നതെന്ന്.
പക്ഷെ അപ്പോള്‍ ആ സീന്‍ ചിത്രീകരിക്കാനുള്ള സാഹചര്യമില്ലാതിരുന്നതിനാല്‍ മമ്മൂക്ക ചോദിക്കുമ്പോള്‍ പറയും രണ്ട് ദിവസം കഴിയുമെന്ന് പറയും. എന്നാലും ആകാംഷ കാരണം മമ്മൂക്ക ആ സീന്‍ എടുക്കുന്നവരെ ഇടയ്ക്കിടെ ചോദിച്ചു കൊണ്ടിരിക്കുമായിരുന്നു.
ഈ സീനിനെ കുറിച്ച് മാത്രമെ മമ്മൂക്ക അങ്ങനെ ചോദിച്ചിട്ടുമുള്ളൂ. താനും അന്ന് ചിന്തിച്ചു, മമ്മൂക്കയെന്താ അങ്ങനെ ചോദിക്കുന്നതെന്ന്. താന്‍ ആ സീനിന് വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല. അങ്ങനെ ആ സീന്‍ എടുക്കുന്ന ദിവസം വന്നു. നെടുനീളന്‍ ഡയലോഗ് മമ്മൂക്ക കാണാപാഠം ആക്കിയിരുന്നു.
അങ്ങനെ ക്യാമറ അടക്കം എല്ലാം സെറ്റ് ചെയ്തു. മമ്മൂക്ക എവിടെ നിര്‍ത്തുന്നോ അവിടെ വച്ച് കട്ട് ചെയ്ത് വീണ്ടും ഷൂട്ട് ചെയ്യാമെന്നാണ് പ്ലാന്‍ ചെയ്തത്. എന്നാല്‍ ആക്ഷന്‍ പറഞ്ഞതും മമ്മൂക്ക ആ കഥാപാത്രത്തിലേക്ക് ഇറങ്ങി. പക്ക കള്ളുകുടിയനായി ഓവറാക്കാതെ ജീവിച്ച് കാണിച്ചു.
ആ സ്ലാംഗും പ്രയോഗവും ശരീര ഭാഷയുമെല്ലാം കണ്ട് താന്‍ പോലും അന്തംവിട്ട് നിന്നു. ഒന്നു പോലും അദ്ദേഹം തെറ്റിച്ചില്ല. ആ സീന്‍ തിയേറ്ററില്‍ വന്നപ്പോള്‍ എല്ലാവരും ചിരിക്കുമായിരിക്കും എന്നാണ് താന്‍ കരുതിയത്. എന്നാല്‍ സീന്‍ തുടങ്ങി അവസാനിക്കും വരെ നിര്‍ത്താതെ കരഘോഷവും ആര്‍പ്പുവിളികളുമായിരുന്നു എന്നാണ് ടി.എസ് സുരേഷ് ബാബു പറയുന്നത്.