കുഞ്ചാക്കോ ബോബൻ, ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘ചാവേർ’. സമ്മിശ്ര അഭിപ്രായങ്ങളോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് ചാവേർ.
‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’, ‘അജഗജാന്തരം’ എന്നീ സിനിമകൾക്ക് ശേഷം ടിനു പാപ്പച്ചന്റെ മൂന്നാമത്തെ ചിത്രമാണ് ജോയ് മാത്യു തിരക്കഥയെഴുതുന്ന ‘ചാവേർ’.
ചിത്രത്തിൽ ആന്റണി വർഗീസ് ഒരു തെയ്യം കലാകാരനായാണ് വേഷമിടുന്നത്. സൌഹൃദം ഉണ്ടായതുകൊണ്ട് മാത്രമല്ല, തെയ്യം കലാകാരന്റെ ഫീച്ചേഴ്സ് ആന്റണിക്ക് ഉള്ളതുകൊണ്ടാണ് ആ വേഷത്തിൽ ആന്റണിയെ കാസ്റ്റ് ചെയ്തതെന്ന് പറയുകയാണ് സംവിധായകൻ ടിനു പാപ്പച്ചൻ.
“പെപ്പെയുടെ കഥാപാത്രം ഒരു തെയ്യം കലാകാരാനാണ്. അവന്റെ മുഖത്തെ ഫീച്ചേഴ്സ് അതിനോട് യോജിക്കുമെന്ന് തോന്നിയതുകൊണ്ടാണ് പെപ്പെയെ കാസ്റ്റ് ചെയ്തത്. അല്ലാതെ സൌഹൃദം മാത്രമല്ല കാരണം. ക്ലീൻ ഷേവ് ചെയ്താൽ തെയ്യത്തിന് പറ്റിയ ഘടകങ്ങൾ അവന്റെ മുഖത്തുണ്ട്. പിന്നെ പെപ്പെയെ ട്രെയ്ൻ ചെയ്യാനും ഒരുക്കാനും വേണ്ടി ഞാൻ കുറച്ച് തെയ്യം കലാകാരന്മാരെ ഏർപ്പാട് ചെയ്തിരുന്നു. പെപ്പെയുടെ മുഖത്ത് വരക്കാൻ നല്ല രസമുണ്ടെന്നും ആ വേഷത്തിൽ കാണാൻ കൊള്ളാമെന്നുമാണ് യാവരും പറഞ്ഞത്. മാത്രമല്ല പെപ്പെയെ എപ്പോഴും ഇടിക്കാരനായിട്ടാണ് എല്ലാവരും കാണുന്നത്. അതിൽ നിന്ന് എങ്ങനെ വ്യത്യസ്തമാക്കി അവതരിപ്പിക്കാൻ പറ്റുമെന്ന് ആലോചിച്ചാണ് അവനെ ഈ റോളിലേക്ക് തിരഞ്ഞെടുത്തത്.” കൌമുദി മൂ
വീസിന് നൽകിയ അഭിമുഖത്തിൽ ടിനു പാപ്പച്ചൻ പറഞ്ഞു.
സംഗീത, ജോയ് മാത്യു, ദീപക്, ആനന്ദ് ബാൽ,മനോജ് കെ. യു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കാഥാപാത്രങ്ങൾ. ജസ്റ്റിൻ വർഗീസാണ് ചിത്രത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത്. ജിന്റോ ജോർജാണ് ഛായാഗ്രഹണം. ജിയോ എബ്രഹാമും വേണു കുന്നപ്പിള്ളിയുമാണ് ചിത്രത്തിന്റെ നിർമ്മാണം.